RAHUL GANDHI| 16 ദിവസങ്ങള്‍, 1,300 കിലോമീറ്ററുകള്‍; രാഹുല്‍ ഗാന്ധിയുടെ ‘വോട്ടര്‍ അധികാര്‍ യാത്ര’ നാളെ മുതല്‍

Jaihind News Bureau
Saturday, August 16, 2025

രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ളയും ബിഹാറിലെ വോട്ടര്‍പ്പട്ടിക പരിഷ്‌കരണവും ഉയര്‍ത്തിയുള്ള പ്രചാരണത്തിന് ഇന്ത്യ സഖ്യം മുന്നോട്ട്. രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര നാളെ ആരംഭിക്കും. ബിഹാറിലെ 13 ഇടങ്ങളില്‍ കൂടിയാകും യാത്ര കടന്നു പോകുക. 16 ദിവസങ്ങളിലായി 1,300 കിലോമീറ്ററുകള്‍ താണ്ടിയാണ് യാത്ര നടത്തുക. ഇന്ത്യ സഖ്യ നേതാക്കളെല്ലാം യാത്രയില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ ഒന്നിന് പട്‌നയിലെ ഗാന്ധി മൈതാനില്‍ യാത്ര സമാപിക്കും. ഇന്ത്യ സഖ്യത്തിന്റെ ശക്തി വിളിച്ചോതുന്ന റാലിയാകും സമാപന ദിവസം കാണാന്‍ കഴിയുക.

കേന്ദ്രം ‘വോട്ട് ചോരി’ വിവാദത്തില്‍ ഇപ്പോഴും മൗനം തുടരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രക്ഷോഭങ്ങള്‍ ശക്തമാക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലുടനീളം കോണ്‍ഗ്രസ് നേതാക്കള്‍ ലൈറ്റ് നൈറ്റ് മാര്‍ച്ച് നടത്തിയിരുന്നു. പാര്‍ലമെന്റില്‍ അടക്കം വിഷയം പലവട്ടം ഉന്നയിച്ചിട്ടും ചര്‍ച്ചയ്ക്ക് പോലും തയാറാകാത്ത കേന്ദ്ര നിലപാടും മോദി സര്‍ക്കാരിന്റെ മൗനവും സത്യം വിളിച്ചോതുന്ന വസ്തുതയായി മാറുകയാണ്.