‘ആവശ്യമുള്ളപ്പോള്‍ കാണാന്‍ കിട്ടില്ല’ ; മോദിയെ വെന്‍റിലേറ്ററിനോടുപമിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, May 17, 2021

ന്യൂഡൽഹി : കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയില്‍ വീണ്ടും കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിഎം കെയര്‍ വെന്‍റിലേറ്ററും ഒരുപോലെയെന്ന് അദ്ദേഹം പരിഹസിച്ചു.

‘പിഎം കെയർ ഫണ്ട് വെന്‍റിലേറ്ററും പ്രധാനമന്ത്രിയും തമ്മിൽ ഒരുപാട് സാമ്യമുണ്ട്. രണ്ട് കൂട്ടരെയും ആവശ്യമുള്ളപ്പോൾ കാണാൻ കിട്ടില്ല, അവരവരുടെ ജോലികൾ ചെയ്യില്ല, ഒരുപാട് തെറ്റുകൾ നിറഞ്ഞ സമീപനവുമാണ്’- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

കേന്ദ്രം വിതരണം ചെയ്യുന്ന വെന്‍റിലേറ്ററുകളുടെ പ്രവർത്തനത്തെക്കുറിച്ച് പഞ്ചാബും മഹാരാഷ്ട്രയും ഉന്നയിച്ച ആശങ്കകളുടെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. പഞ്ചാബിലെ ഫരീദ്കോട്ടിലെ സർക്കാർ ആശുപത്രിയിൽ പിഎം കെയർ ഫണ്ടിലൂടെ നല്‍കിയ വെന്‍റിലേറ്ററുകൾ സാങ്കേതിക തകരാറുകൾ മൂലം പ്രവർത്തനക്ഷമല്ലെന്ന്ചൂണ്ടിക്കാട്ടിയിരുന്നു. 320 വെന്‍റിലേറ്ററുകളില്‍ 90 ശതമാനവും തകരാറാണെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി. മഹാരാഷ്ട്ര സര്‍ക്കാരും ഇതേ പ്രശ്നം ഉന്നയിച്ചിരുന്നു.