രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് രാഹുല്‍; ‘ഭാരത് ന്യായ് യാത്ര’ മണിപ്പുർ മുതല്‍ മുംബൈ വരെ; ജനുവരി 14ന് തുടക്കം

Jaihind Webdesk
Wednesday, December 27, 2023

 

ന്യൂഡല്‍ഹി: രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് കോണ്ഗ്രസ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ന്യായ് യാത്ര’ മണിപ്പുർ മുതല്‍ മുംബൈ വരെയാണ്. ജനുവരി 14 ന് ആരംഭിക്കുന്ന യാത്ര മാർച്ച് 20 വരെ നീളും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ യാത്ര ഉദ്ഘാടനം ചെയ്യും. എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ നേതാക്കള്‍ ഇക്കാര്യം അറിയിച്ചു.

സ്നേഹത്തിന്‍റെയും സഹോദര്യത്തിന്‍റെയും യാത്രയാണ് ന്യായ് യാത്രയെന്നും രാഷ്ട്രീയ യാത്ര അല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര 6,200 കിലോമീറ്റർ ദൂരം പിന്നിടും. ബസിലും കാൽ നടയുമായാണ് ഇത്തവണ യാത്ര. ഭാരത് ന്യായ് യാത്രയുടെ ഉദ്ഘാടനം ഇംഫാലിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ നിർവഹിക്കും.

കോൺഗ്രസ് സ്ഥാപക ദിന റാലി നാഗ്പൂരിൽ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. വൻ റാലിയോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും മാധ്യമവിഭാഗത്തിന്‍റെ ചുമതലയുള്ള ജയ്റാം രമേശും എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.