‘പോരാട്ടം ഉമ്മന്‍ചാണ്ടി സാറിനും വേട്ടയാടപ്പെടുന്ന എല്ലാ ആണുങ്ങള്‍ക്കും വേണ്ടി’: പൊലീസ് കസ്റ്റഡിയിലും ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രാഹുല്‍ ഈശ്വര്‍

Jaihind News Bureau
Monday, December 1, 2025

പൊലീസ് കസ്റ്റഡിയിലിരിക്കെ ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് രാഹുല്‍ ഈശ്വര്‍. സമൂഹമാധ്യമത്തിലൂടെ യുവതിയെ അധിക്ഷേപിച്ച കേസിലാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ പോരാട്ടം വ്യക്തിപരമല്ലെന്നും, ഉമ്മന്‍ ചാണ്ടി സാറിന് വേണ്ടിയും വേട്ടയാടപ്പെടുന്ന എല്ലാ പുരുഷന്മാര്‍ക്ക് വേണ്ടിയുമാണ് താന്‍ ശബ്ദമുയര്‍ത്തുന്നതെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു. കൂടാതെ, രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോകള്‍ ചിത്രീകരിക്കുന്നത് തുടരുമെന്നും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ സൈബര്‍ പൊലീസ് തെളിവെടുപ്പിനായി പൗഡിക്കോണത്തെ വീട്ടിലെത്തിച്ചു. യുവതിയെ അധിക്ഷേപിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടെന്ന് കരുതുന്ന ലാപ്‌ടോപ്പ് കണ്ടെത്താനാണ് പൊലീസ് പ്രധാനമായും പരിശോധന നടത്തിയത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങള്‍ക്ക് രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്.