
സൈബര്‍ അധിക്ഷേപ കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് നിയമപ്രകാരമുള്ള നോട്ടിസ് നല്‍കാതെയാണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍. ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നോട്ടീസ് നല്‍കിയെന്ന് പറയുന്നത് തികച്ചും നുണയാണ്. ഈ കാര്യം അയ്യപ്പ സ്വാമിയേയും എന്റെ മക്കളേയും തൊട്ട് ആണയിടാന്‍ എനിക്ക് സാധിക്കും,’ രാഹുല്‍ പറഞ്ഞു. കേസിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിലക്കിയിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ജാമ്യം ലഭിക്കുന്നതില്‍ വന്ന കാലതാമസത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. ‘വ്യാഴാഴ്ച തന്നെ ജാമ്യം കിട്ടേണ്ടതായിരുന്നു. എന്നാല്‍, ഇലക്ഷന്‍ കഴിയുന്നത് വരെ തന്നെ അകത്തിടാനുള്ള നീക്കമാണ് നടന്നത്. സ്വര്‍ണക്കൊള്ളയില്‍ കാംപെയിന്‍ ചെയ്യുമെന്ന ഭയം കൊണ്ടാണ് ഇങ്ങനെ ചെയ്തത്. അതിനാലാണ് ജാമ്യം നിഷേധിക്കപ്പെട്ടത്,’ അദ്ദേഹം ആരോപിച്ചു.
മെന്‍സ് കമ്മീഷനുവേണ്ടിയുള്ള പോരാട്ടത്തിലാണ് താനെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. ‘കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല. സത്യം കൊണ്ടേ ജയിക്കാനാകൂ,’ എന്നും അദ്ദേഹം പറഞ്ഞു. ജയില്‍ മോചിതനായ രാഹുല്‍ ഈശ്വറിനെ മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂമാലയിട്ടാണ് സ്വീകരിച്ചത്.