പിണറായിയുടെയും മോദിയുടെയും പ്രസംഗം എഴുതുന്നത് ഒരാള്‍; പിണറായിയുടെ സർട്ടിഫിക്കറ്റ് രാഹുലിന് വേണ്ട: കെ.സി വേണുഗോപാൽ

Jaihind Webdesk
Monday, April 22, 2024

കൊച്ചി: പിണറായിയുടെയും മോദിയുടെയും പ്രസംഗം എഴുതുന്നത് ഒരാളാണെന്ന് കെ.സി വേണുഗോപാൽ. രണ്ടുപേർക്കും ഒരേ ഭാഷയാണ്. ഇത്രയും അപഹാസ്യനായ ഒരാളുടെ കയ്യിൽ നിന്നും രാഹുലിന് സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ട. യഥാർഥ കമ്യൂണിസ്റ്റ്കാരന്‍റെ മനസിനകത്ത് രാഹുലുണ്ട്. ഇന്ത്യ സഖ്യത്തിൽ എന്നാണ് പിണറായി വന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യ സഖ്യത്തിലെ ഏതെങ്കിലും ഒരു യോഗത്തിൽ പിണറായി പങ്കെടുത്തിട്ടുണ്ടോ. ഇന്ത്യ സഖ്യത്തിന്‍റെ പേര് പിണറായി പറഞ്ഞത് തന്നെ രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കാൻ വേണ്ടി മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മധുരയിൽ സിപിഎം വോട്ടു പിടിച്ചത് രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞാണ്. സീതാറാം യെച്ചൂരിയെക്കാൾ വലിയ ആളല്ലല്ലോ പിണറായി വിജയൻ. പിണറായിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ് അയോഗ്യത. രാഹുലിനെ വിമർശിക്കുന്നതിൽ മോദിയേക്കാൾ മുന്നിലാണെന്ന് വരുത്താനുള്ള ശ്രമത്തിലാണ് പിണറായി വിജയനെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം ഭരണത്തിലെ വൃത്തികേടുകൾ ജനങ്ങളിൽ നിന്ന് മറച്ച പിടിക്കാനുള്ള തന്ത്രമാണിത്. മകൾക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾക്ക് ഒരു വരി പോലും മറുപടി പറയാത്ത പിണറായി വിജയനാണ് രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്നതെന്നും കെ.സി.വേണുഗോപാല്‍ പരിഹസിച്ചു.