‘നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നു, സെന്‍ട്രല്‍ വിസ്റ്റ ഒഴികെ ഒന്നും മോദി കാണുന്നില്ല’ ; വിമർശിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, May 11, 2021

 

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഭയപ്പെടുത്തുന്ന കാഴ്ചയാണ് ഗംഗാ നദിയില്‍ നിന്നും ഉള്‍പ്പെടെ കാണാനാകുന്നത്. നദിയിലൂടെ ഡസന്‍കണക്കിന് കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ ഒഴുകിനടക്കുകയാണ് ഈ വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. നദികളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുമ്പോഴും സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് സര്‍ക്കാരെന്ന് അദ്ദേഹം വിമര്‍ശിച്ചു.

‘നദികളിൽ എണ്ണമറ്റാത്ത മൃതദേഹങ്ങൾ ഒഴുകിനടക്കുകയാണ്; ആശുപത്രികളിൽ വരി നീളുകയാണ്; സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം കവർന്നെടുത്തു! സെൻട്രൽ വിസ്ത ഒഴികെ മറ്റൊന്നും കാണാൻ അനുവദിക്കാത്ത നിങ്ങളുടെ ആ പിങ്ക് കണ്ണടകൾ നീക്കം ചെയ്യുക പ്രധാനമന്ത്രി’– രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

കൊവിഡ് പ്രതിസന്ധിക്കിടെ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെതിരെ രൂക്ഷ വിമർശ‌നവുമായി രാഹുൽ ഗാന്ധി നേരത്തെയും രംഗത്തുവന്നിരുന്നു. രാജ്യത്തിനു വേണ്ടത് ശ്വസിക്കാനുള്ള ഓക്സിജനാണെന്നും പ്രധാനമന്ത്രിക്ക് താമസിക്കാനുള്ള വസതിയല്ലെന്നും രാഹുൽ പറഞ്ഞിരുന്നു. സെൻട്രൽ വിസ്താ പദ്ധതി കുറ്റകരമായ പാഴ്ചെലവാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.