ചങ്ക് തകര്‍ന്ന് റഹീം സ്വന്തം മണ്ണില്‍ എത്തി; ഉറ്റവരെ ഒരു നോക്ക് കാണാന്‍ സാധിക്കാതെ

Jaihind News Bureau
Friday, February 28, 2025

തിരുവനന്തപുരം വെഞ്ഞാറമ്മൂട്​ കൂട്ടക്കൊല കേസിലെപ്രതി അഫാന്‍റെ പിതാവ് നാട്ടിലെത്തി.
അനിശ്​ചിതത്വങ്ങൾക്കൊടുവിൽ സൗദിയിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ട പേരുമല സൽമാസ്​ ഹൗസിൽ അബ്​ദുൾ റഹീം രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. .കുടുംബത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങൾ നടത്തേണ്ടി വന്നു എന്നാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. പിതാവ് നാട്ടിലെത്തിയതോടെ
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിക്കും.

റഹീം നാട്ടിൽ വന്നിട്ട് ഏതാണ്ട് 7 വർഷത്തോളമായി. വർഷങ്ങളായി അന്യനാട്ടില്‍ കച്ചവടം നടത്തുകയായിരുന്ന റഹീമിന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയും തകര്‍ച്ചയുമാണ് കുടുംബത്തെ ഇത്രയും മോശം സാഹചര്യത്തില്‍ കൊണ്ടെത്തിച്ചത്. ഒപ്പം കുടുംബത്തിനുണ്ടായ അവന്ഥയും അദ്ദേഹത്തെ ഏറെ തളർത്തിയിരിക്കുകയാണ്. ഇഖാമ കാലാവധി തീർന്നിട്ട് രണ്ടര വർഷമായതിനാല്‍ തന്നെയും മരിച്ച കുടുംബാംഗങ്ങളെ അവസാനമായൊന്ന് കാണണമെങ്കിൽ പോലും നടപടികൾ തീരുന്നത് വരെ കാത്തിരിക്കണമായിരുന്നു. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സാമൂഹ്യ സംഘടനകൾ നടത്തിയ  ശ്രമമാണ് ഇപ്പോള്‍ ഫലം കണ്ടത്.

പ്രതി അഫാന്‍റെ ഉമ്മ ഷെമിനയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഇവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് മൊഴി എടുക്കാൻ ഡോക്ടർമാർ പൊലീസിന് അനുമതി നൽകിയത്. ഇവരുടെ മൊഴികൾ അന്വേഷണത്തിന് ഏറെ നിർണായകമാണ്. പ്രതി അഫാനെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു.