മലപ്പുറം താനൂരില്‍ റാഗിങ്ങിനെതിരെ തെളിവ് സഹിതം 7 മാസം മുമ്പ് രക്ഷിതാവ് പരാതി നല്‍കിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതി. കഴിഞ്ഞ ഫെബ്രുവരി 24 ന് നടന്ന മറ്റൊരു റാഗിംഗ് പീഡന സംഭവത്തിലും പോലീസും – സ്കൂള്‍ അധികൃതരും നടപടിയെടുക്കാതെ ഒളിച്ച് കളി തുടരുകയാണ്.
താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം ഉണ്ടാക്കിയ നടുക്കം കേരളത്തെ വിട്ടുമാറിയിട്ടില്ല. ആഴ്ചകള്‍ക്ക് മുമ്പാണ് കോട്ടയത്ത് നഴ്സിംഗ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗിങ്ങിന് വിധേയനാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നത്. എന്നാല്‍ നമ്മുടെ പോലീസും ചില സ്കൂള്‍ അധികൃതരും ഇപ്പോഴും റാഗിങ്ങിന്റെ പേരിലുള്ള പീഡനവും അക്രമവും അവസാനിപ്പിക്കാനോ നടപടിയെടുക്കാനോ തയ്യാറാകുന്നില്ല എന്നാണ് ഇന്ന് പുറത്തു വന്ന മലപ്പുറത്തെ 2 സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. താനൂര്‍ തയ്യാലയില്‍ SSMHS ലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റത് ഓഗസ്റ്റ് 17 നാണ്. വെള്ളച്ചാല്‍ CPHSS ലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ ദൃഗ്യങ്ങള് സഹിതം തൊട്ടടുത്ത ദിവസം തന്നെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് താനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. 7 മാസമായിട്ടും മര്‍ദിച്ചവര്‍ക്കെതിരെ പോലീസ് നടപടി എടുത്തിട്ടില്ലെന്ന്ബന്ധുകള് പറയുന്നു. ഏത്തം ഇടാനും പാട്ട് പാടാനും മാപ്പ് പറയാനും ആവശ്യപ്പെട്ട്
വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ബന്ധുകള്‍ പുറത്ത് വിട്ടു.
മറ്റൊരു റാഗിംഗ് പീഡനം നടന്നത് വേങ്ങരയിലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 24 ന് വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ട് തല്ലുന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍- മര്‍ദ്ദന ദൃശ്യങ്ങള്‍ റീലുകളാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. കുറ്റൂര്‍ KMHS സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മര്‍ദിച്ചത്. സാരമായി പരിക്കേറ്റ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് വേങ്ങര പോലീസില്‍ പരാതി നല്കി. പക്ഷെ സ്കൂളിലെ ആന്റി റാഗിംഗ് കമ്മിറ്റി ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംഭവത്തില്‍ റിപ്പോര്‍ട്ട് നല്കാത്തതിനാല് പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. റാഗിംഗ് സംഭവങ്ങളില്‍ നടപടി സ്വീകരിക്കുന്നതിലെ പോലീസ് വീഴ്ച ചുണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിവക്കുന്നതാണ് മലപ്പുറത്തെ സംഭവങ്ങള്‍.