‘കടക്ക് പുറത്ത്’ മത്സ്യത്തൊഴിലാളികളോട് വേണ്ട, കൈക്കൂലി പറ്റിയവരുണ്ടെങ്കില്‍ അദാനിക്ക് തിരിച്ചുകൊടുക്കണം: മുഖ്യമന്ത്രിക്കെതിരെ രോഷം

Jaihind Webdesk
Tuesday, August 23, 2022

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെ അധിക്ഷേപിച്ച മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ലത്തീന്‍ അതിരൂപത.  കടക്കൂ പുറത്തെന്ന് മത്സ്യത്തൊഴിലാളികളോട് പറയേണ്ടെന്നും ഫാ. തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു. മുഖ്യമന്ത്രി യാഥാർത്ഥ്യം തിരിച്ചറിയുന്നില്ല. മന്ത്രിമാർ മത്സ്യത്തൊഴിലാളികളെ കളിയാക്കുന്നു.  തുറമുഖ മന്ത്രി വിഡ്ഢിയാണെന്നും അദ്ദേഹത്തിന്‍റെ പ്രസംഗം കള്ളങ്ങൾ കുത്തിനിറച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. കൈക്കൂലി പറ്റിയവരുണ്ടെങ്കിൽ അദാനിക്ക് തിരിച്ചുകൊടുക്കണമെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.

‘വാ തുറന്നാൽ നികൃഷ്ടജീവി, കടക്ക് പുറത്ത് എന്നൊക്കെ പറയുന്ന ഇരട്ടച്ചങ്കന്‍റെ ധൈര്യമൊന്നും ഈ ചങ്കന്മാരുടെ അടുത്ത് വേണ്ട. ഇത് മത്സ്യതൊഴിലാളികളാണ്. അഭ്യാസമൊന്നും ഞങ്ങളോട് വേണ്ട. പിണറായി വിജയനെ കണ്ണൂരിലേക്ക് പറഞ്ഞയക്കേണ്ടി വന്നാലും ജയിച്ചിട്ടേ പിന്മാറൂ’ –  വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ മത്സ്യത്തൊഴിലാളി സമരത്തെ അധിക്ഷേപിക്കുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയില്‍ നടത്തിയ പരാമർശം. പ്രദേശവാസികള്‍ മാത്രമല്ല സമരത്തില്‍ പങ്കെടുക്കുന്നതെന്നും സമരം മുന്‍കൂട്ടി തയാറാക്കിയതാണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പദ്ധതി നിർത്തിവെക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി തള്ളി. തുറമുഖനിര്‍മാണം നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും സഭയെ അറിയിച്ചു. പദ്ധതി മൂലം കാര്യമായ തീരശോഷണം ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുനരധിവാസം സംബന്ധിച്ച കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്നായിരുന്നു ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞത്.

എന്നാല്‍ ഭരണപക്ഷത്തിന്‍റെ അവകാശവാദങ്ങള്‍ തള്ളി പ്രതിപക്ഷം രംഗത്തെത്തി. വിഴിഞ്ഞത്ത് പുനരധിവാസം മുന്നോട്ടു പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. തീരശോഷണമില്ലെന്ന് സർക്കാരും അദാനിയും ഒരു പോലെയാണ് പറയുന്നതെന്നും, വിശ്വസ്തതയുള്ള കമ്പനിയെ പഠനം എൽപ്പിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു. വിഴിഞ്ഞത്ത് 250 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത് സിമന്‍റ് ഗോഡൗണിലാണെന്ന് എം വിന്‍സന്‍റ് ചൂണ്ടിക്കാട്ടി. മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പാണ് ഈ ഗോഡൗണെന്നും അദ്ദേഹം പറഞ്ഞു.