റഫേല്‍ ഇടപാടില്‍ പുനഃപരിശോധന ഹര്‍ജികള്‍ തള്ളി

റഫാൽ യുദ്ധവിമാന ഇടപാടിൽ അഴിമതിയാരോപിച്ച ഹർജികൾ തള്ളിയ വിധി പുനഃപരിശോധിക്കണമെന്ന ഹർജിക സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്, ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് പുനപരിശോധനാ ഹർജികൾ തള്ളിയത്. നേരത്തെ സമർപ്പിച്ച ഹർജികളിൽ കഴിഞ്ഞ ഡിസംബർ 14ന് കേന്ദ്ര സർക്കാരിന് ക്ലീൻചിറ്റ് നൽകി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഹർജിക്കാർ പുനപരിശോധനാ ഹർജിയുമായി വീണ്ടും സുപ്രീംകോടതിയിൽ എത്തിയത്.

റഫാൽ ഇടപാടിൽ അഴിമതി ഇല്ലെന്നുള്ള സുപ്രീം കോടതി വിധി പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് കോടതി തള്ളിയത്. ഹർജികളിൽ പ്രാധാന്യമുള്ള ഒന്നുമില്ലെന്നും പുനഃപരിശോധനയ്ക്ക് ആവശ്യമായ എന്തെങ്കിലും ശക്തമായ തെളിവുകള്‍ സമർപ്പിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

റഫാല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും കാണിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞ ഡിസംബര്‍ 14ന് ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയിരുന്നു. ഫ്രഞ്ച് കമ്പനിയായ ദസ്സോയില്‍നിന്ന് 36 വിമാനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാൽ റഫാൽ ഇടപാടിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ്, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ അറിയിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കോടതി ഉത്തരവില്‍ ഗുരുതരമായ തെറ്റുണ്ടെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാൽ ഹർജികളിൽ പ്രാധാന്യമുള്ള ഒന്നുമില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.

മോഡി സർക്കാരിനെതിരെ ചൗക്കിദാർ ചോർ ഹെ എന്ന മുദ്രാവാക്യം വിളിച്ച് ആക്ഷേപിച്ചു എന്ന പേരില്‍ രാഹുൽ ഗാന്ധിക്കെതിരായി ഉണ്ടായിരുന്ന അപകീർത്തി ഹർജിയും കോടതി തള്ളി. ഭാവിയിലെ പ്രതികരണങ്ങളില്‍ കൂടുതൽ ജാഗ്രത കാണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

narendra modirafale
Comments (0)
Add Comment