മേക്ക് ഇന്‍ ഇന്ത്യ മേക്ക് ഇന്‍ ഫ്രാന്‍സ് ആയി ; എന്നിട്ടും എല്ലാം ശരിയാണെന്ന് മോദി പറയുന്നു : റഫാലില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

Jaihind News Bureau
Thursday, September 24, 2020

 

ന്യൂഡല്‍ഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകള്‍ ദസോൾട്ട് ഏവിയേഷൻ പാലിച്ചില്ലെന്ന സി.എ.ജി റിപ്പോർട്ടില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്. ഇടപാടിലെ വസ്തുതകള്‍ ഓരോന്നായി പുറത്തുവരികയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുർജേവാല ട്വിറ്ററില്‍ കുറിച്ചു. മേക്ക് ഇന്‍ ഇന്ത്യ എന്നത് മേക്ക് ഇന്‍ ഫ്രാന്‍സ് ആയി. സാങ്കേതികവിദ്യ കൈമാറാതെ ഡിആർഡിഒയെ ഉപേക്ഷിച്ചു. എന്നിട്ടും എല്ലാം ശരിയാണെന്ന് മോദി പറയുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

ബുധനാഴ്ച പാർലമെന്‍റില്‍ സമർപ്പിച്ച സിഎജി റിപ്പോർട്ടിലാണ് ഗുരുതര കുറ്റപ്പെടുത്തലുകൾ ഉള്ളത്. റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യക്കു കൈമാറുമ്പോൾ കരാറിന്‍റെ ഭാഗമായുള്ള ചില നിബന്ധനകൾ നിർമ്മാതാക്കളായ ദസോൾട്ട് ഏവിയേഷൻ പാലിച്ചില്ല. റഫാലിന് മിസൈൽ സിസ്റ്റം നൽകുന്ന യൂറോപ്യൻ കമ്പനിയായ എം.ബി.ഡി.എയും പാലിക്കേണ്ട നിബന്ധനകളിൽ വീഴ്ച വരുത്തി. റഫാൽ കരാറിന്‍റെ ഭാഗമായി ഉയർന്ന സാങ്കേതികവിദ്യ ഡി.ആർ.ഡി.ഒ.യ്ക്കു നൽകാമെന്ന് 2015-ൽ ദസോൾട്ട് ഏവിയേഷനും എം.ബി.ഡി.എയും സമ്മതിച്ചിരുന്നത്. എന്നാൽ, ഇതുവരെ ഇത് കൈമാറിയില്ല. ഇന്ത്യയുടെ തേജസ് യുദ്ധവിമാനത്തിനുവേണ്ടി പുതിയൊരു എൻജിൻ ആഭ്യന്തരമായി വികസിപ്പിക്കുന്നതിന് ഫ്രഞ്ച് സാങ്കേതികവിദ്യ ലഭിക്കാൻ ഡി.ആർ.ഡി.ഒ. കാത്തിരിക്കുകയാണ്.

ഇന്ത്യയുടെ ഓഫ്സെറ്റ് നയം ഫലപ്രദമല്ലെന്ന് സി.എ.ജി. റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി രണ്‍ദീപ് സിങ് സുർജെ വാല രംഗത്ത് വന്നു. കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പറഞ്ഞത് എല്ലാം പൊള്ളയായിരുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ 59,000 കോടി രൂപയുടെ കരാർ 2016-ലാണ് ഇന്ത്യ ഫ്രാൻസുമായി ഒപ്പുവെച്ചത്. ഇടപാടിൽ 58000 കോടിയുടെ അഴിമതി ഉണ്ടായി എന്നാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ ആരോപണം ഉന്നയിച്ചത്.