റഫാൽ വിഷയം ലോക്സഭയെ ഇന്നും പ്രക്ഷുബ്ധമാക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളിൽ വ്യക്തയുള്ള ഉത്തരം പ്രതിരോധമന്ത്രി നിർമല സീതാരാമന്‍റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. എച്ച്.എ.എല്ലിലെ പ്രതിസന്ധികൾ കൂടി പുറത്തുവന്നതോടെ കേന്ദ്രസർക്കാർ കൂടുതൽ പ്രതിരോധത്തിലായി. അതേസമയം പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം നാളെ അവസാനിക്കും.
റഫാല്‍ കരാര്‍ സംബന്ധിച്ച് പാര്‍ലമെന്‍റില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കള്ളംപറഞ്ഞെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും മനീഷ് തിവാരിയും ആരോപിച്ചു. ഹിന്ദുസ്ഥാന്‍ എയ്റൊനോട്ടിക് ലിമിറ്റഡിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഓര്‍ഡറുകള്‍ കാണിക്കൂ, അല്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകൂവെന്ന് നിര്‍മല സീതാരാമനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
എച്ച്.എ.എല്ലിന് ഒരു ലക്ഷം കോടി രൂപയുടെ കരാറുകള്‍ നല്‍കിയെന്ന പ്രതിരോധമന്ത്രിയുടെ വാക്കുകളാണ് കോണ്‍ഗ്രസ് തെളിവ് നിരത്തി കള്ളമാണെന്ന് സമര്‍ഥിക്കുന്നത്. കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള എച്ച്.എ.എല്ലിന് ഒരു ഓര്‍ഡര്‍ പോലും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും ചരിത്രത്തിലാദ്യമായി ലോണെടുത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ഗതികേടിലായിരുന്നു ഇത്തവണ കമ്പനിയെന്നും കോണ്‍ഗ്രസ് നേതാവ് സുര്‍ജേവാല ആരോപിച്ചു. നിങ്ങള്‍ ഒരു കള്ളം പറയുമ്പോള്‍ അത് മറയ്ക്കാന്‍ കൂടുതല്‍ കള്ളം പറയേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി നിര്‍മല സീതാരാമനെ ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഫാല്‍ കരാറില്‍ സംരക്ഷിക്കാനുള്ള തത്രപ്പാടില്‍ പാര്‍ലമെന്‍റിനോട് നിര്‍മലാ സീതാരാമന്‍ കള്ളം പറഞ്ഞുവെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഒരുലക്ഷം കോടിയുടെ കരാറിന്‍റെ രേഖകൾ പാർലമെന്‍റിന്‍റെ മേശപ്പുറത്ത് വെക്കാനുള്ള കോൺഗ്രസ് ആവശ്യത്തെ സർക്കാർ എങ്ങനെ നേരിടുമെന്ന് കണ്ടറിയണം. ജെ.പി.സി ആവശ്യത്തിൽ കോൺഗ്രസ് ഉറച്ച് നിൽക്കും. രാജ്യസഭയിൽ മുത്തലാഖ് ബിൽ പാസാക്കാനുള്ള സർക്കാർ ശ്രമം ഉണ്ടായേക്കാം.