റഫാല്‍ വിധി പറയാനായി മാറ്റി; രേഖകളുടെ വിശേഷാധികാരം കോടതി തീരുമാനിക്കും

റഫാൽ രേഖകൾ രഹസ്യസ്വഭാവമുള്ളതെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. വിവരവകാശ നിയമം പാസാക്കിയത് വിപ്ലവമായിരുന്നുവെന്നും അതിൽ നിന്ന് പിന്നോക്കം പോകരുതെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. രേഖകള്‍ വിശേഷാധികാരമുള്ളതാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇക്കാര്യം കോടതി തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. വാദം പൂർത്തിയാക്കി കേസ് വിധി പറയാനായി മാറ്റി.

എന്ത് രഹസ്യമാണ് റഫാല്‍ രേഖകള്‍ക്ക് ഇനിയുള്ളതെന്ന് സുപ്രീം കോടതി ചോദിച്ചു. മോഷ്ടിക്കപ്പെട്ട രേഖകളാണ് കോടതിയില്‍ ഹാജരാക്കിയതെന്നായിരുന്നു സര്‍ക്കാര്‍ വാദം. അനുമതിയില്ലാതെ സര്‍ക്കാര്‍ രേഖകള്‍ പ്രസിദ്ധീകരിക്കാനാവില്ല. വിവരാവകാശനിയമത്തിന്‍റെ പരിധിയില്‍ വരാത്ത രേഖകളാണിതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സര്‍ക്കാരിന്‍റെ എതിര്‍പ്പിന് കാരണം രാജ്യസുരക്ഷയല്ല, മറ്റ് പലതുമാണെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞത്. ഭരണതാല്‍പര്യത്തേക്കാള്‍ വലുത് പൊതുതാല്‍പര്യമാണെന്നും അത് പരിഗണിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പലതും സര്‍ക്കാര്‍ തന്നെ വേണ്ടപ്പെട്ട മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയിട്ടുണ്ട്. പല വിഷയങ്ങളും സി.എ.ജി റിപ്പോര്‍ട്ടിലുമുണ്ട്. പരസ്യമായ രേഖകള്‍ക്ക് രഹസ്യരേഖകളുടെ പരിരക്ഷ ലഭിക്കില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

ഹിന്ദു ദിനപ്പത്രത്തിന് ഉറവിടം വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ പ്രശാന്ത് ഭൂഷണ്‍ വിസില്‍ ബ്ലോവേഴ്സ് നിയമപ്രകാരം രേഖയുടെ ഉറവിടം വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി. അറ്റോര്‍ണി ജനറല്‍ രേഖകള്‍ ഫോട്ടോകോപ്പി എന്ന് പറഞ്ഞതുകൊണ്ടുതന്നെ യഥാര്‍ഥ രേഖകളാണെന്ന് വ്യക്തമായെന്നും ഈ രേഖകള്‍ കോടതി പരിഗണിക്കണമെന്നുമായിരുന്നു അരുണ്‍ ഷൂരിയുടെ വാദം.

rafale
Comments (0)
Add Comment