സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. യഥാസമയം വാക്സീനെടുത്തിട്ടും പേ വിഷബാധയേറ്റ് തിരുവനന്തപുരം എസ് എറ്റിആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം പത്തനാപുരം വിളക്കുടി സ്വദേശിനിയായ നിയ ഫൈസല്‍ ആണ് മരിച്ചത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റ് ജീവന്‍ പൊലിഞ്ഞത് മൂന്ന് കുരുന്നുകള്‍ക്കാണ്. ഏപ്രില്‍ മാസത്തില്‍ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്.
വാക്സീനെടുത്തിട്ടും പേവിഷ ബാധയേറ്റ് ജീവന്‍ പൊലിയുന്ന ദാരുണ ദുരന്തങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുകയാണ്. ഏപ്രില്‍ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരുന്ന കുട്ടിയെ തെരുവുനായ കടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഐ.ഡി.ആര്‍.വി ഡോസ് എടുക്കുകയും അന്ന് തന്നെ ആന്റീ റാബിസ് സിറവും കുട്ടിയ്ക്ക് നല്‍കിയിരുന്നു. പിന്നീട് മൂന്ന് ഡോസ് മരുന്നുകള്‍ കൂടി കുട്ടിക്ക് നല്‍കിയിരുന്നു. ഇതിനിടയില്‍ കുട്ടിക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. അതീവ ഗുരുതരവസ്ഥയിലായ കുട്ടിയെ എസ് എറ്റി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റ് ജീവന്‍ പൊലിഞ്ഞത് മൂന്ന് കുരുന്നുകള്‍ക്കാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇതിന് പിന്നാലെയാണ് മറ്റൊരു ദുരന്തം കൂടി ഉണ്ടായത്. കഴിഞ്ഞ മാസം ആറ് പേരാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്. ഈ വര്‍ഷം ഇത് വരെ 14 പേര്‍ക്കാണ് പേ വിഷബാധയേറ്റ് ജീവന്‍ നഷ്ടമായത്. 5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത് 102 പേരാണ്. ഇതില്‍ വാക്‌സീനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്കാണ്. വാക്‌സിന്‍ എടുത്തിട്ടും മരണനിരക്ക് ഉയരുന്നത് ആശങ്കാകുലമായ സാഹചര്യമാണ് ഉയര്‍ത്തുന്നത്. ഞരമ്പുകളില്‍ നേരിട്ട് കടിയേല്‍ക്കുന്നവര്‍ക്ക് വാക്‌സിന്‍ ഫലപ്രദമാകുന്നില്ല എന്ന വാദമാണ് അധികൃതര്‍ നല്‍കുന്നത്. വാക്‌സിനുകളുടെ ഗുണനിലവാരവും കാര്യക്ഷമതയും സംബന്ധിച്ചുള്ള പരാതികളും ശക്തമാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതില്‍ ഉള്ള വീഴ്ചകളും ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ഇടവരുത്തുകയാണ്.