‘അയ്യപ്പന് ദോഷകരമാകുന്ന ഒന്നും ചെയ്യില്ല’: തന്ത്രി കണ്ഠരര് രാജീവരെ പിന്തുണച്ച് ആര്‍. ശ്രീലേഖയുടെ പോസ്റ്റ്; വിവാദമയാതോടെ പിന്‍വലിച്ചു

Jaihind News Bureau
Saturday, January 10, 2026

 

സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ പിന്തുണച്ച് ആര്‍. ശ്രീലേഖ. തന്ത്രിയെ തള്ളുന്ന ബിജെപി നിലപാടിന് വിരുദ്ധമായാണ് ശ്രീലേഖ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയത്. കണ്ഠരര് രാജീവരരെ തനിക്ക് മുപ്പത് വര്‍ഷത്തിലേറെയായി അടുത്തറിയാമെന്നും, അയ്യപ്പസ്വാമിക്ക് ദോഷകരമാകുന്ന യാതൊന്നും അദ്ദേഹം ബോധപൂര്‍വ്വം ചെയ്യില്ലെന്നും ശ്രീലേഖ പോസ്റ്റില്‍ കുറിച്ചു. ഈ കേസിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഭക്തജനങ്ങള്‍ ജാഗ്രതയോടെ കാണണമെന്നും അവര്‍ കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ പിന്നീട് ഇത് പിന്‍വലിച്ചു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രത്യേക അന്വേഷണ സംഘം തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു നടപടി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ തന്ത്രിക്ക് കൃത്യമായ പങ്കുണ്ടെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. തന്ത്രിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാട്ടുന്നു.