
തിരുവനന്തപുരം: ബിജെപിയുടെ പൊതുസമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഗണിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ശാസ്തമംഗലം കൗണ്‍സിലര്‍ ആര്. ശ്രീലേഖ. പ്രധാനമന്ത്രിയുടെ അടുത്തെത്താതിരുന്നത് തന്റെ അച്ചടക്കത്തിന്റെയും പൊലീസ്പരിശീലനത്തിന്റെയും ഭാഗമാണെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ അവർ വ്യക്തമാക്കി.
മുപ്പത്തിമൂന്നര വര്‍ഷത്തെ പൊലീസ് സര്‍വീസിനിടയില്‍ നിരവധി വിവിഐപി ഡ്യൂട്ടികള്‍ ചെയ്തിട്ടുള്ള തനിക്ക് കൃത്യമായ അച്ചടക്കം ശീലമുണ്ടെന്ന് ശ്രീലേഖ പറഞ്ഞു. ‘ക്ഷണിക്കാതെ ഒരാളുടെ അടുത്തുപോകരുതെന്ന പരിശീലനമാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. അതുകൊണ്ടാണ് എനിക്ക് അനുവദിച്ച ഇരിപ്പിടത്തില്‍ തന്നെ ഞാന്‍ ഇരുന്നത്. പ്രധാനമന്ത്രി വേദിയിലേക്ക് വരുമ്പോള്‍ എനിക്ക് നിശ്ചയിക്കപ്പെട്ട സ്ഥാനത്ത് തുടരുക എന്നതാണ് ഒരു പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ടതെന്ന് കരുതി.’
പ്രധാനമന്ത്രി മടങ്ങിപ്പോകുമ്പോള്‍ മറ്റ് നേതാക്കള്‍ക്കൊപ്പം പോകാതിരുന്നതിനെയും അവര്‍ ന്യായീകരിച്ചു. വിവിഐപി എന്‍ട്രന്‍സിലൂടെ മടങ്ങുന്ന പ്രധാനമന്ത്രിയുടെ അടുത്തേക്ക് അനുവാദമില്ലാതെ ചെല്ലുന്നത് ശരിയല്ലെന്നാണ് താന്‍ ചിന്തിച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന ഉപാധ്യക്ഷ എന്ന നിലയിലാണ് തനിക്ക് വേദിയില്‍ ഇരിപ്പിടം ലഭിച്ചത്. രാഷ്ട്രീയത്തില്‍ താന്‍ പുതിയതാണെങ്കിലും പൊലീസ് ഓഫീസര്‍ എന്ന നിലയില്‍ പഠിച്ച പാഠങ്ങള്‍ ഇന്നും പിന്തുടരുന്നുണ്ടെന്നും ശ്രീലേഖ വ്യക്തമാക്കി. താന്‍ ഇപ്പോഴും ബിജെപിക്കൊപ്പമാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചു.