ആര്‍. ഇന്ദുചൂഡന്‍ മരിച്ചത് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന്; ഫേസ്ബുക്ക് പോസ്റ്റുമായി മകന്‍ വിജയ് ഇന്ദുചൂഡന്‍

Jaihind News Bureau
Monday, September 8, 2025

യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട മുന്‍ ജില്ലാ അധ്യക്ഷനും ഡി.സി.സി വൈസ് പ്രസിഡന്റുമായിരുന്ന ആര്‍. ഇന്ദുചൂഡന്‍ മരിച്ചത് പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് മകനും നിലവിലെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനുമായ വിജയ് ഇന്ദുചൂഡന്‍. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസാണ് തന്റെ അമ്മയെ വിധവയാക്കിയതെന്നും വിജയ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിച്ചു. 2016-ല്‍ മുന്‍ മന്ത്രി എം.എം. മണിയെ കരിങ്കൊടി കാണിച്ചതിന് തനിക്കും ക്രൂരമായ പോലീസ് മര്‍ദ്ദനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിജയ് ഇന്ദുചൂഡന്‍ വെളിപ്പെടുത്തി.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഈ വരുന്ന 10ആം തിയതി അച്ഛന്‍ മരിച്ചിട്ട് 9 വര്‍ഷങ്ങള്‍ തികയുകയാണ് .ഈ കഴിഞ്ഞ ദിവസങ്ങള്‍ അത്രയും പോലീസ് മര്‍ദ്ദനങ്ങളെ കുറിച്ചാണ് നമ്മള്‍ കേള്‍ക്കുന്നത്,അതിന് നേതൃത്വം കൊടുക്കുന്ന ഭരണത്തിനെ കുറിച്ചാണ് നമ്മള്‍ തിരക്കുന്നതും.
അത്തരം ക്രൂര മര്‍ദനത്തിനിരയായി മരണത്തിലേക്ക് കടന്നുപോയ അച്ഛനെ കുറിച്ച് പലര്‍ക്കും അറിയാവുന്നതാണ്..
അതിന് മുന്‍പ്..
2016 ല്‍ പെമ്പിളൈ ഒരുമൈ സംഘടനയെ അവഹേളിച്ച മന്ത്രി എംഎം മണിയെ കരിങ്കൊടി കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിക്കുന്നു ..മന്ത്രി വന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിക്കുകയും ചെയ്തു.അതിനു ശേഷം ജില്ലയില്‍ പോലീസ് ഒരു മൂന്നാംമുറയ്ക്ക് ഉത്തരവിട്ടു അതും മണി മന്ത്രിയുടെ നിര്‍ദേശ പ്രകാരം. മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ചതച്ച് പിടിച്ചു കൊണ്ടുവരാന്‍ ആയിരുന്നു നീക്കം.
പരിപാടി കഴിഞ്ഞു വീട്ടിലേക്ക് പോകാന്‍ നിന്ന എന്നെ മുത്തൂറ്റ് ആശുപത്രിയുടെ മുന്‍പിലിട്ട് പോലീസ് പിടിച്ചു, താഴെവീണതും നിലത്തിട്ട് അതി ഭീകരമായി മര്‍ദിച്ച് ജീപ്പിലേക്ക് കയറ്റി, ഒരു പോലീസ് പുറകില്‍ ഇരുന്ന് തല പിന്നിലോട്ട് വലിച്ചു പിടിച്ച്,ക്യാമ്പില്‍ ഉണ്ടായിരുന്ന പോലീസുകാരായിരിക്കാം സൈഡില്‍ ഇരുന്ന് കൈകള്‍ ബലമായി പിടിച്ച് വച്ചു,എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ടോര്‍ച്ച് ആണെന്ന് തോന്നുന്നു അത് വെച്ച് മുഖത്ത് കൃത്യം കണ്ണിന് താഴെ 2 അടി.. ഒരിഞ്ച് മാറിയിരുന്നെങ്കില്‍ കാഴ്ച പോലും നഷ്ടപ്പെട്ടേക്കാവുന്ന തരത്തില്‍ അവരെന്നെ ഉപദ്രവിച്ചു…
സ്റ്റേഷനില്‍ കൊണ്ടുപോകാമായിരുന്നിട്ടും അവിടെ കയറാതെ രണ്ട് തവണ ടൗണിലൂടെ ജീപ്പില്‍ കറങ്ങി എന്നെ തല്ലി ചതച്ചു, കേവലം ഒരു പ്രതിഷേധത്തിന്റെ പേരില്‍..പരാതി ഒക്കെ മുറയ്ക്ക് പോയെങ്കിലും ഒന്നുമുണ്ടായില്ല.
പക്ഷേ ഞാന്‍ ഓര്‍മ്മിച്ചതിതൊന്നുമല്ല… ജീവിതത്തില്‍ അച്ഛന്‍ വലിയൊരു പ്രതീക്ഷയായിരുന്നു..എന്തുവന്നാലും സ്വന്തം വില്‍പവര്‍ കൊണ്ട് വേദനകളെ തള്ളിക്കളയാന്‍ ഒരുപാട് പ്രചോദനം നല്‍കിയിട്ടുണ്ട്…
കെഎസ്യു ജില്ലാ പ്രസിഡണ്ടും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടും ഒക്കെയായി ജീവിച്ച ആര്‍.ഇന്ദുചൂഡനെ പഴയ കുടുംബത്തിന്റെ പരാധീനതകള്‍ ഒന്നും അലട്ടിയതായി എനിക്കറിയില്ല.. സാമാന്യം ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയിലുള്ള അദ്ദേഹത്തിന്റെ അച്ഛനും അമ്മയും 2 സഹോദരങ്ങളും… 6അടി 2 ഇഞ്ച് ഉയരം, ആരോഗ്യപരമായും ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ആയിരിക്കെ അടൂരില്‍ നടന്ന ഭയാനകമായ ലാത്തി ചാര്‍ജ് ഒരുപക്ഷേ ഇന്നത്തെ ഒട്ടുമിക്ക നേതാക്കള്‍ക്കും സുപരിചിതമാണ്.. ഇന്നത്തെ പോലീസ് മേല്‍ ഉദ്യോഗസ്ഥന്‍ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ആ ലാത്തിച്ചാര്‍ജ്.. അച്ഛനെ ടാര്‍ഗറ്റ് ചെയ്ത് പൊതിരെ തല്ലി നട്ടെല്ലടിച്ചു പൊട്ടിക്കുന്നു.. ഭീകരാന്തരീക്ഷം തന്നെ സൃഷ്ടിച്ചെടുത്ത ചോര ചീന്തിയ ഒരു വലിയ സമരം.. അന്നുതന്നെ അച്ഛനെ ആശുപത്രിയില്‍ മാറ്റി .പക്ഷെ തുടര്‍ന്നുണ്ടായ മൂന്നാമത്തെ ലാത്തി ചാര്‍ജില്‍ അച്ഛന്റെ കഴുത്തിനും പെടലിക്കും കൂടി ഭീകരമായ ക്ഷതം സംഭവിച്ചു..
അതിന് ശേഷം,
പിന്നീടങ്ങോട്ട് ഓര്‍മ്മവച്ച ഒരു കാലം പോലും എന്റെ വീട്ടില്‍ അച്ഛന്‍ വേദന കൊണ്ട് പുളഞ്ഞ് അലറി വിളിക്കാത്ത രാത്രികളോ പകലുകളോ ഉണ്ടായിരുന്നില്ല.. എണ്ണിയാലൊടുങ്ങാത്ത മരുന്നിന്റെയും, ആയുര്‍വേദത്തിന്റെയുമൊക്കെ മണം എനിക്ക് സുപരിചിതമായത് അന്നാണ്.. ആശുപത്രിയില്‍ പണം അടയ്ക്കാന്‍ നന്നേ ബുദ്ധിമുട്ടിയ നാളുകള്‍. മിനിറ്റിന് മിനിറ്റിന് അടിച്ചുവരുന്ന ബില്ലുകളായിരുന്നു ആ കാലത്തെന്റെ അമ്മയുടെ ഏറ്റവും വലിയ പേടിസ്വപ്നം..
ആ ലാത്തി ചാര്‍ജ് കഴിഞ്ഞതില്‍ പിന്നെ നല്ല ഉയരവും തൂക്കവും ഒക്കെ ഉള്ള ആര്‍. ഇന്ദുചൂഡന്‍ തലയോ പെടലിയോ ഒന്നനക്കുവാനോ, തിരിക്കുവാനോ വയ്യാതെ കൂനിപ്പോയീ…
അത് ഞങ്ങളെ പോറ്റുന്നതിന് വേണ്ടി വെറും ആയിരം രൂപ ശമ്പളത്തില്‍ ജോലി ചെയ്ത് തുടങ്ങി ,ജീവിച്ചിരിക്കെ തന്നെ വിധവയാകേണ്ടി വന്ന എന്റെ അമ്മയുടെ 34ആം വയസ്സു മുതല്‍….
വയ്യാതെ, വേദന തിന്ന് ജീവിച്ച നീണ്ട 10-16 വര്‍ഷങ്ങള്‍ ഞാന്‍ ഒരു കാര്യമേ ആഗ്രഹിച്ചിരുന്നുള്ളൂ..
ഒരു ദിവസമെങ്കില്‍ ഒരു ദിവസം അച്ഛനെ പഴയതുപോലെ നിവര്‍ന്നു നിര്‍ത്താന്‍ പറ്റിയിട്ട് ഒന്ന് ചേര്‍ത്ത് പിടിക്കണമെന്ന്..
അടൂരില്‍ നടന്ന ലാത്തി ചാര്‍ജില്‍ പരി ക്കേറ്റവരുടെ കൂട്ടത്തില്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, ശ്രീ അടൂര്‍ പ്രകാശും ഉണ്ട്.
സമാന ക്രൂരതകള്‍ക്ക് ഇരയാക്കപ്പെട്ട പ്രിയപ്പെട്ട ശ്രീ ബാബുപ്രസാദും,പ്രതാപ വര്‍മ തമ്പാനും ശാസ്താംകോട്ട സുധീറും, NG സുരേന്ദ്രനും,അനില്‍ തോമസുമടക്കം നേതാക്കള്‍. ശ്രീ KC വേണുഗോപാല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷനായിരുന്ന കാലഘട്ടമായിരുന്നു അത്..
അന്നുമുതല്‍ ഈ മൂന്നാംമുറയുടെ ഒരു സാക്ഷിയെന്ന നിലയില്‍.. ഇന്ദുചൂഡനടക്കം നമ്മള്‍ രണ്ട് ദിവസമായി സംസാരിക്കുന്ന സുജിത്തും സൈനികനമുള്‍പ്പടെ സമാനമായ സംഭവങ്ങളുടെ ഇരകളാണ്…. മാനസിക വൈകല്യമുള്ള ഒരുകൂട്ടമാളുകള്‍ ചതചില്ലാതാക്കുന്നത് ഞങ്ങളെ പോലുള്ള നിരവധി കുടുംബങ്ങളുടെ പ്രതീക്ഷയാണ്…. അത്താണിയാണ്….
ഒരു കാര്യം പറയാം, എന്ത് വന്നാലും മരണം വരെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ പോരാടും…എത്ര മര്‍ദ്ദനമുറകള്‍ ഏല്‍ക്കേണ്ടി വന്നാലും…?