ആര്‍ ചന്ദ്രശേഖരന്‍ വീണ്ടും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ്; തെരഞ്ഞെടുക്കപ്പെടുന്നത് തുടര്‍ച്ചയായ നാലാം തവണ

Jaihind Webdesk
Saturday, January 22, 2022

 

ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റായി ആർ ചന്ദ്രശേഖരൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ നാലാം തവണയാണ് ചന്ദ്രശേഖരൻ ഐഎൻടിയുസി സംസ്‌ഥാന പ്രസിഡന്‍റ് പദവിയിലെത്തുന്നത്.

സംസ്‌ഥാന റിട്ടേണിംഗ് ഓഫീസർ വിആർ ജഗന്നാഥനാണ് ചന്ദ്രശേഖരൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. 2007 ലാണ് ആർ ചന്ദ്രശേഖരനെ ആദ്യമായി ഐഎന്‍ടിയുസിയുടെ സംസ്ഥാന പ്രസിഡന്‍റായി ദേശീയനേതൃത്വം നോമിനേറ്റ് ചെയ്തത്. തുടർന്ന് 2012 ലും 2016ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ആര്‍ ചന്ദ്രശേഖരൻ തന്നെ തെരഞ്ഞെടുക്കപ്പെട്ടു.

സംസ്‌ഥാന പ്രസിഡന്‍റ് സ്‌ഥാനത്തേക്ക്‌ ആകെ 25 നാമനിർദേശ പത്രികകളാണ് വിതരണം ചെയ്തിരുന്നത്. 23 പത്രികകൾ സമർപ്പിക്കപ്പെട്ടു. ചന്ദ്രശേഖരന് വേണ്ടി 14 ജില്ലാ കമ്മിറ്റികളും ഏഴ് വ്യക്തികളും ചേർന്ന് 21 നാമനിർദേശ പത്രികകൾ സമർപ്പിച്ചിരുന്നു. ചന്ദ്രശേഖരന് വേണ്ടി സമർപ്പിക്കപ്പെട്ട രണ്ട് നാമനിർദേശ പത്രികകളും കെകെ ധർമ്മരാജന് വേണ്ടി സമർപ്പിക്കപ്പെട്ട രണ്ട് നാമനിർദേശ പത്രികകളും സൂക്ഷ്മ പരിശോധനയിൽ തള്ളയതിനെ തുടർന്നാണ് ആർ ചന്ദ്രശേഖരൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും സ്‌ഥിരം ജോലി ഇല്ലാതാക്കുന്നതിനെതിരെയും പൊതുമേഖലാ സ്‌ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയും ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർ ചന്ദ്രശേഖരൻ പറഞ്ഞു. സംസ്‌ഥാന റിട്ടേണിംഗ് ഓഫിസർ വിആർ ജഗന്നാഥൻ, അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫിസർ തമ്പി കണ്ണാട്, ക്രെഡൻഷ്യൽ കമ്മിറ്റി കൺവീനർ വിഎ ജോസഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.