മീനാങ്കലില്‍ മലവെള്ളപ്പാച്ചില്‍; നിരവധി വീടുകള്‍ തകർന്നു, ആളുകളെ മാറ്റിപ്പാർപ്പിച്ചു

Jaihind Webdesk
Thursday, October 21, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. മലയോര മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയിൽ വൻനാശനഷ്ടം. തിരുവനന്തപുരം വിതുരയ്ക്കടുത്ത് മീനാങ്കലിൽ ഉണ്ടായ മലവെള്ളപ്പച്ചിൽ വീടുകൾക്കും കൃഷിയിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. ഒരു വീട് പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു.

മലവെള്ളപ്പാച്ചിലിനെ തുടർന്ന് ജനങ്ങളെ തൊട്ടടുത്ത സ്കൂളുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഉച്ചമുതൽ മലയോര മേഖലകളിൽ ആരംഭിച്ച ശക്തമായ മഴയാണ് വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ നാശനഷ്ടം വിതച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

കിഴക്കൻ കാറ്റ് ശക്തമാകുന്നതും തെക്ക് തമിഴ്നാട് തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടതുമാണ് ശക്തമായ മഴയ്ക്ക് കാരണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.