ചോദ്യപേപ്പര്‍ ചോര്‍ച്ച; സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തും

Jaihind Webdesk
Sunday, December 15, 2024

തിരുവനന്തപുരം: സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്. ചോദ്യപേപ്പര്‍ അച്ചടിയിലും വിതരണത്തിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും.

പരീക്ഷയുടെ തലേന്ന് പ്രഡിക്ഷന്‍ എന്ന രീതിയില്‍ ചോദ്യങ്ങള്‍ പുറത്തുവിട്ട യൂട്യൂബ് ചാനല്‍ പ്രതിനിധികള്‍, ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകര്‍ എന്നിവരില്‍ നിന്നും പോലീസ് ഉടന്‍ മൊഴിയെടുക്കും. ചോര്‍ച്ചയുണ്ടായെന്ന കാര്യം സ്ഥിരീകരിച്ചെങ്കിലും അര്‍ധവാര്‍ഷിക പരീക്ഷയായതിനാല്‍ പുനഃപരീക്ഷക്ക് സാധ്യത കുറവാണ്. പരീക്ഷാ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.