ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം തട്ടിയ കേസ്; ഒളിവിലായിരുന്ന എസ്ഐ പിടിയില്‍, കേസ്

Jaihind Webdesk
Thursday, May 30, 2024

 

മലപ്പുറം: വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ സിഐയും എസ്ഐയും ചേർന്നു 22 ലക്ഷം രൂപ തട്ടിയെന്ന കേസിൽ ഒളിവിലായിരുന്ന എസ്ഐ പിടിയിൽ. പോലീസുദ്യോഗസ്ഥർക്കെതിരെ തിരൂർ ഡിവൈഎസ്പി കേസ് എടുത്തു. ക്വാറി ഉടമയെ കേസിൽ പ്രതിയാക്കി ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥർ പണം തട്ടിയെന്ന പരാതിയിലാണ് ഒളിവിലായിരുന്ന എസ്ഐ ബിന്ദുലാൽ പിടിയിലായത്. വളാഞ്ചേരിയിൽ എസ്എച്ച്ഒയും എസ്ഐയും ചേർന്നു 22 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. വളാഞ്ചേരി എസ്എച്ച്ഒ സുനിൽ ദാസ്, എസ്ഐ ബിന്ദുലാൽ എന്നിവർക്ക് എതിരെ തിരൂർ ഡിവൈഎസ്പിയാണ് കേസ് എടുത്തത്.

വളാഞ്ചേരി സ്വദേശിയുടെ ക്വാറിയിൽ നിന്നും മാർച്ചിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. പാറമടയിൽ ഉപയോഗിക്കാൻ കൊണ്ടുവന്ന സ്ഫോടക വസ്തു പിടിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് സ്ഥലമുടമകളെ ഭീഷണിപ്പെടുത്തി ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് പരാതി. എസ്ഐ 10 ലക്ഷവും സിഐ 8 ലക്ഷവും മൂന്നാംപ്രതി നാല് ലക്ഷവും തട്ടിയെടുത്തു എന്നാണ് എഫ്ഐആർ. പരാതിയെ തുടർന്ന് ഒളിവിലായിരുന്ന എസ്ഐ ബിന്ദുലാലിനെ ഇന്ന് മലപ്പുറത്തു നിന്ന് പിടികൂടുകയായിരുന്നു. ഇടനിലക്കാരനായി പ്രവർത്തിച്ച ഹസൈനാർക്കെതിരെയും കേസെടുത്തു. ഇയാൾ നാല് ലക്ഷം രൂപ ക്വാറി ഉടമയിൽ നിന്നും തട്ടിയെടുത്തു. എന്നാൽ പ്രതികളായ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ ഇതുവരെ സസ്പെന്‍ഡ് ചെയ്തിട്ടില്ല.