ആന്ധ്രാപ്രദേശിലെ ബപത്ല ജില്ലയില്‍ ക്വാറിയില്‍ ഉണ്ടായ അപകടത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ക്വാറിയില്‍ ജോലികള്‍ നടക്കുന്നതിനിടെ വലിയൊരു പാറ അടര്‍ന്നുവീണതാണ് അപകടകാരണം. അവശിഷ്ടങ്ങള്‍ക്കിടയില്‍ 16 തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു.
പരിക്കേറ്റ 10 പേരില്‍ നാല് പേരുടെ നില ഗുരുതരമാണ്. തൊഴിലാളികളില്‍ ഭൂരിഭാഗവും ഒഡീഷ സ്വദേശികളാണ്. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ക്വാറികളില്‍ കര്‍ശന സുരക്ഷാ നടപടികള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.