‘കരുതല്‍’ വാക്കുകളില്‍ മാത്രം; പ്രവാസികള്‍ക്ക് ക്വാറന്‍റീന്‍ സൗജന്യമല്ല, ചെലവ് സ്വയം വഹിക്കണമെന്ന് മുഖ്യമന്ത്രി

Jaihind News Bureau
Tuesday, May 26, 2020

 

വിദേശത്ത് നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തുന്നവർക്ക് ഇനി ക്വാറന്‍റീന്‍ സൗജന്യമല്ല. നിരീക്ഷണത്തിൽ കഴിയേണ്ടതിന് ആവശ്യമായ ചെലവ് അവർ തന്നെ വഹിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഓഖിയിലും നിപ്പയിലും പ്രളയ കാലത്തും കൊവിഡ് കാലത്തും സംസ്ഥാന സർക്കാരിന് കൈയ്യയച്ച് സഹായിച്ചവരെയാണ് നിർണ്ണായക ഘട്ടത്തിൽ സർക്കാർ തള്ളിപ്പറയുന്നത്.

ലോകം മുഴുവൻ മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുമ്പോൾ രക്ഷതേടി സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്ക് ഇരുട്ടടി നൽകുകയാണ് സംസ്ഥാന സർക്കാർ. ഇനി മുതൽ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്ക് ക്വാറന്‍റീന്‍ സൗജന്യമല്ല. ഇതിനാവശ്യമായ ചെലവ് അവർ തന്നെ വഹിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊഴിൽ നഷ്ടമായി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർ ഉൾപ്പടെ ആർക്കും ഇക്കാര്യത്തിൽ ഇളവ് അനുവദിക്കാനാവില്ല എന്നതാണ് സർക്കാരിന്റെ നിലപാട്. കൂടിയ നിരക്കിൽ ടിക്കറ്റെടുത്ത് വരുന്നവർ സർക്കാർ പറയുന്ന തുകയാണ് ചെലവിനത്തിൽ നൽകേണ്ടത്. നിരവധിപ്പേര്‍ വിദേശത്ത് നിന്ന് എത്തുന്ന സാഹചര്യത്തില്‍ ചെലവ് സംസ്ഥാന സര്‍ക്കാറിന് വഹിക്കാന്‍ സാധിക്കില്ല എന്നാണ് വ്യക്തമാക്കുന്നത്.

അതേസമയം ഈ കാര്യത്തിൽ കേന്ദ്രം എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ഇനി അറിയാനുള്ളത്. വിദേശത്ത് നിന്നെത്തുന്നവരെ സ്വന്തം ചെലവില്‍ തന്നെ ക്വാറന്‍റീനില്‍ പാര്‍പ്പിക്കണമെന്നായിരുന്നു നേരത്തെ കേന്ദ്രം നൽകിയ നിർദ്ദേശം. എന്നാൽ അന്തർ ദേശിയ കുടിയേറ്റവും അന്തർ സംസ്ഥാന കുടിയേറ്റവും കേന്ദ്രത്തിന്റെ ചുമതലയാണ് എന്നാണ് ധനമന്ത്രി തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയത്. ഓഖിയിലും നിപ്പയിലും പ്രളയ കാലത്തും കൊവിഡ് കാലത്തും സംസ്ഥാന സർക്കാരിന് കൈയയച്ച് സഹായിച്ചവരെയാണ് നിർണ്ണായക ഘട്ടത്തിൽ സർക്കാർ തള്ളിപ്പറയുന്നത്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക ഭദ്രത തന്നെ പ്രവാസി പണത്തെ ആശ്രയിച്ചാണ് എന്നുള്ളപ്പോഴാണ് ഇത്രയും കാലം കൂടെ നിന്നവരെ ഇരു കൂട്ടരും ചതിക്കുന്നത്.