മന്ത്രി എ.സി മൊയ്ദീനെ ക്വാറന്‍റീനില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ്; കളക്ടർക്ക് കത്ത് നല്‍കി

മന്ത്രി എ.സി മൊയ്ദീന് ക്വാറന്‍റീൻ വേണ്ട എന്ന മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ കോൺഗ്രസ് രംഗത്ത്. മാനദണ്ഡങ്ങൾ എല്ലാവർക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടി അനിൽ അക്കര എം.എൽ.എ ജില്ലാ കളക്ടർക്ക് കത്ത് നൽകി.

ക്വാറന്‍റീൻ വിഷയത്തിൽ രണ്ടാം തവണയാണ് അനിൽ അക്കര കളക്ടർക്ക് കത്ത് നൽകുന്നത്. തനിക്ക് ക്വാറന്‍റീൻ ഏർപ്പെടുത്തിയ മാനദണ്ഡം മന്ത്രി എ.സി മൊയ്ദീനും ബാധകമാണെന്ന് കത്തിൽ ചൂണ്ടി കാണിക്കുന്നു. മന്ത്രിക്ക് എന്തുകൊണ്ട് ക്വാറന്‍റീൻ ഇല്ല എന്നത് വ്യക്തമാക്കണം. ആദ്യം അയച്ച കത്തിന് ഇതുവരെ മറുപടി ലഭിച്ചില്ല എന്നും അനിൽ അക്കര കത്തിൽ പറയുന്നു.

മന്ത്രി സന്ദർശിച്ച ഗുരുവായൂർ പ്രവാസി ക്യാമ്പിൽ ഇപ്പോൾ 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പർക്കത്തിലുള്ളവരെ ക്വാറന്‍റീനിലാക്കാൻ വൈകരുത്. എ.സി മൊയ്ദീന്‍റെ ഗുരുവായൂർ സന്ദർശനം സംബന്ധിച്ച് പരാതി കിട്ടിയിട്ടില്ല എന്നാണ് മെഡിക്കൽ ബോർഡ് പറയുന്നത്. തന്‍റെ ആദ്യ കത്തും യൂത്ത് കോൺഗ്രസിന്‍റെ പരാതിയും എന്തുകൊണ്ട് ജില്ലാ ഭരണകൂടം മെഡിക്കൽ ബോർഡിന് കൈമാറിയില്ല എന്നും അനിൽ അക്കര ചോദിക്കുന്നു.

ഇന്നലെയാണ് മന്ത്രി എ.സി മൊയ്ദീന് ക്വാറന്‍റീൻ വേണ്ടെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയത്. എന്നാൽ പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിന് ഈ മാസം 26 വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Comments (0)
Add Comment