ഇന്ത്യയുമായുള്ള വിമാന സര്‍വീസ് റദ്ദാക്കി ഖത്തര്‍ ; യു.എ.ഇ ഉള്‍പ്പടെ എട്ട് രാജ്യക്കാര്‍ക്ക് സൗദിയിലേക്ക് പറക്കാന്‍ വിമാന വിലക്ക്

Elvis Chummar
Monday, March 9, 2020

 

ദുബായ് : യുഎഇ, കുവൈത്ത്, ബഹ്‌റിന്‍ ഉള്‍പ്പടെ എട്ടു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാന്‍ വിലക്ക് ഏര്‍പ്പെടുത്തി. കൊറോണ വൈറസ് ജാഗ്രതാ നടപടികളുടെ ഭാഗമായി, മാര്‍ച്ച് ഒമ്പത് തിങ്കളാഴ്ച മുതല്‍ നിയമം പ്രാബല്യത്തിലായി. ഇതോടെ, 14 ദിവസത്തേയ്ക്ക് സൗദിയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. യുഎഇ, കുവൈത്ത്, ബഹ്‌റിന്‍ , ലബനന്‍, ഈജിപ്ത്ത്, സിറിയ, ഇറ്റലി, കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് വിലക്ക് ബാധകമാകുകയെന്ന് സൗദി ജനറല്‍ ഏവിയേഷന്‍ ഫോര്‍ സിവില്‍ ഏവിയേഷന്‍ ( ജി എ സി എ ) അറിയിച്ചു.

ഇതോടൊപ്പം, സൗദിയിലെ സ്വദേശികള്‍ക്കും ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്കും ഒമ്പത് രാജ്യങ്ങളിലേക്കുള്ള യാത്രാ അനുമതിയും സൗദി നിര്‍ത്തലാക്കി. യുഎഇ, കുവൈത്ത്, ബഹ്‌റിന്‍ , ലബനന്‍, ഈജിപ്ത്ത്, സിറിയ, ഇറാഖ്, ഇറ്റലി, കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന യാത്രകളാണ് റദ്ദാക്കിയത്.

ഇന്ത്യ ഉള്‍പ്പടെ, പതിനഞ്ച് രാജ്യങ്ങളുമായുള്ള വിമാന സര്‍വീസ് ഖത്തര്‍ താല്‍ക്കാലികമായി റദ്ദാക്കി. ഇന്ത്യയ്ക്ക് പുറമേ ഇറ്റലി, ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ലെബനന്‍, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് മാര്‍ച്ച് ഒമ്പത് മുതല്‍ ഖത്തര്‍ വ്യോമയാന ബന്ധം ഉപേക്ഷിച്ചത്. കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിന് ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് അനുസൃതമായിട്ടാണ് ഈ നടപടി. ഇതോടെ, ഈ  രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യാനുള്ള എല്ലാവര്‍ക്കും  വിലക്ക് ബാധകമാകും. അതേമയം, ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്കും സൗദിയിലേക്കും യാത്ര ചെയ്യാന്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നിയമവും പ്രാബല്യത്തിലായി.

teevandi enkile ennodu para