തിരുവനന്തപുരം: മുഖ്യമന്ത്രിയും ഭരണകക്ഷി എംഎല്‍എയും നേര്‍ക്കുനേര്‍ വരുന്ന അത്യപൂര്‍വ്വ കാഴ്ചകള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഒരു ഘട്ടത്തില്‍ കത്തിക്കയറിയ പി.വി അന്‍വറിനെ പൂര്‍ണമായും ഒറ്റപ്പെടുത്തുകയാണ് സിപിഎമ്മും സര്‍ക്കാരും. മുന്നില്‍ നില്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നുതന്നെ പറയേണ്ടിവരും.
ആരോപണമുന മുഖ്യമന്ത്രിയില്‍ എത്തിയതോടുകൂടിയാണ് പി വി അന്‍വറിന് സിപിഎമ്മിനുള്ളില്‍ നിന്നുള്ള സ്വീകാര്യത കുറഞ്ഞു തുടങ്ങിയത്. മുഖ്യമന്ത്രി തന്നെ പരസ്യമായി അന്‍വറിനെ തള്ളിപ്പറയുകയും ചെയ്തു. തനിക്ക് പാര്‍ട്ടിക്ക് പുറത്തേക്ക് പോകാനും മടിയില്ല എന്നാണ് അന്‍വറിന്റെ നിലപാട്. അങ്ങനെയെങ്കില്‍ അന്‍വറിന്റെ ഭാവിയെന്തെന്ന് ഉറ്റ് നോക്കുകയാണ് രാഷ്ട്രീയ കേരളം.
അന്‍വര്‍ പോരിനിറങ്ങിയത് ഒറ്റയ്ക്കല്ല എന്നത് തീര്‍ച്ചയാണ്. കണ്ണൂര്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ അന്‍വറിന് പിന്നിലുണ്ടെന്ന് നേരത്തെ തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അന്‍വറിന് നല്‍കിയ മുന്നറിയിപ്പ് ആ പിന്തുണ നല്‍കിയവര്‍ക്ക് കൂടി ഉള്ളതാണ്. ടി പി രാമകൃഷ്ണന്‍ ഒഴികെ മറ്റൊരു നേതാവും ഇതേവരെ അന്‍വറിന്റെ പരസ്യമായ വിഴുപ്പ് അലക്കലിനെതിരെ പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞദിവസം മുഖ്യമന്ത്രി കൂടി അത്തരത്തില്‍ പരസ്യപ്രതികരണം നടത്തിയതോടെ കൂടുതല്‍ നേതാക്കള്‍ അന്‍വറിനെതിരെ പ്രതികരിക്കാന്‍ നിര്‍ബന്ധിതമാകും. വരും ദിവസങ്ങളില്‍ അതുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അന്‍വര്‍ ഇനി എത്ര നാള്‍ ഇങ്ങനെ തുടരുമെന്നുള്ളതാണ് ചോദ്യം. പാര്‍ട്ടി അംഗമല്ലാത്തതുകൊണ്ട് അച്ചടക്കനടപടി സ്വീകരിക്കാന്‍ സിപിഎമ്മിന് കഴിയില്ല. തനിക്ക് പുറത്തേക്ക് പോകാന്‍ മടിയില്ലെന്ന് അന്‍വറിന്റെ വാക്കുകളിലൂടെ തന്നെ വായിച്ചെടുക്കാം. എന്തായാലും ഏവരും കാത്തിരിക്കുന്നു, എന്താകും അന്‍വറിന്റെ ഭാവിയെന്നറിയാന്‍.