തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും മുള്‍മുനയില്‍ നിര്‍ത്താന്‍ പി.വി അന്‍വര്‍ എന്ന ഭരണകക്ഷി എംഎല്‍എക്ക് സാധിച്ചു. എന്നാല്‍ അന്‍വറിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. പോലീസ് തന്നെ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്നു എന്നായിരുന്നു അന്‍വറിന്റെ ഒരു പ്രധാന ആരോപണം. ഈ ആരോപണത്തില്‍ അന്‍വറിനെ പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇടത് എംഎല്‍എയ്ക്ക് മലപ്പുറത്തെ സ്വര്‍ണ കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന സൂചനയാണ് കഴിഞ്ഞ ദിവസം പിണറായി നല്‍കിയിരിക്കുന്നത്. പരസ്യ പ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ തനിക്കും പലതും പറയേണ്ടിവരുമെന്നും അദ്ദേഹം ഇന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അതിനുശേഷവും മാധ്യമങ്ങളെ കണ്ട പി.വി അന്‍വര്‍ മുഖ്യമന്ത്രി സംരക്ഷിച്ച പി.ശശിയെ കടന്നാക്രമിക്കുന്ന കാഴ്ചയാണ് കണ്ടത്. സ്വര്‍ണവും ഹവാല പണവും പിടികൂടുന്നതില്‍ നിന്നും പോലീസിനെ വിലക്കണമെന്ന ചിലരുടെ ആഗ്രഹം അംഗീകരിച്ചു കൊടുക്കാനാവില്ലെന്ന് കൂടി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.
പോലീസിനെതിരെ ആരോപണം വന്നാല്‍അത് ഗൗരവമായി പരിശോധിക്കും. ആരോപണങ്ങളുടെ പേരില്‍ ഇനി കേരളത്തില്‍ സ്വര്‍ണം പിടികൂടേണ്ടതില്ല എന്ന സമീപനം സ്വീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആ സമീപനം സ്വീകരിച്ചത് അന്‍വറാണോ എന്ന ചോദ്യത്തിന് അത് ശരിവയ്ക്കുന്ന മറുപടിയാണ് പിണറായി നല്‍കിയത്.
”എന്താണ് ഇതുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ടത്, അതാണ് നാം കാണേണ്ടത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടവരെ ന്യായീകരിച്ച് പോലീസിനെ നിര്‍വീര്യമാക്കി യഥേഷ്ടം കടത്തണമെന്ന് സ്വര്‍ണക്കടത്തുകാര്‍ക്ക് ആഗ്രഹമുണ്ടാകും. അതിന് കൂട്ട് നില്‍ക്കാനാകില്ല” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പോലീസിന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, കഴിഞ്ഞ വര്‍ഷങ്ങളില്‍ മലപ്പുറത്തു പിടികൂടിയ സ്വര്‍ണത്തിന്റെയും ഹവാല പണത്തിന്റെയും കണക്കും പുറത്തുവിട്ടു.
കള്ളക്കടത്ത് സ്വര്‍ണം പിടികൂടുന്നത് അത് കടത്തുന്നവര്‍ക്ക് ഇഷ്ടമാകില്ല. കരിപ്പൂര്‍ വഴി വന്‍ സ്വര്‍ണക്കടത്ത് നടക്കുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടവരെ ന്യായീകരിച്ച് പോലീസിനെ നിര്‍വീര്യമാക്കി യഥേഷ്ടം കടത്തണമെന്ന് സ്വര്‍ണക്കടത്തുകാര്‍ക്ക് ആഗ്രഹമുണ്ടാകും. അതിന് കൂട്ട് നില്‍ക്കാനാകില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. അതായത് പി അന്‍വറിനെതിരെ കൃത്യമായ ഒളിയമ്പെയ്തിരിക്കുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.