പി.വി അന്‍വര്‍ വഞ്ചന നടത്തി; ക്രഷര്‍ തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍

Jaihind Webdesk
Thursday, September 30, 2021

മലപ്പുറം : ക്രഷര്‍ തട്ടിപ്പ് കേസില്‍ പി.വി അന്‍വര്‍ എംഎൽഎ വഞ്ചന നടത്തിയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസിയുടെ 50 ലക്ഷം തട്ടിയെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. മഞ്ചേരി  ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍.

കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയ കേസിലാണ് പി.വി അന്‍വര്‍ എഎല്‍എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇന്നലെ മഞ്ചേരി  ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി. വിക്രമന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സുപ്രധാന വെളിപ്പെടുത്തല്‍.

മംഗലാപുരം ബല്‍ത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷര്‍ പി.വി അന്‍വറിന് വില്‍പന നടത്തിയ കാസര്‍ഗോഡ് സ്വദേശി കെ. ഇബ്രാഹിമില്‍ നിന്നും 15ന് ഡിവൈഎസ്പി മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ ഭൂമിയും  സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി.വി അന്‍വര്‍ പ്രവാസി എന്‍ജിനീയര്‍ മലപ്പുറം  പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീമില്‍ നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്. എന്നാല്‍ ക്രഷര്‍ സര്‍ക്കാരില്‍ നിന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്‍റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിമിന്‍റെ മൊഴി.  ഇതോടൊപ്പം ക്രഷറിനോട് ചേര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള 1.5 ഏക്കര്‍ ഭൂമിയും കൊറിഞ്ചയിലെ 1.5 ഏക്കര്‍ ഭൂമിയും കൈമാറിയതായുമാണ് മൊഴി നല്‍കിയിട്ടുള്ളത്.

പി.വി അന്‍വര്‍ കരാറില്‍ സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയ സ്വാതന്ത്ര്യത്തോടുകൂടിയതുമാണ് ക്രഷര്‍ എന്ന് പറയുന്നതും ക്രഷര്‍ പാട്ടഭൂമിയിലുള്ളതാണെന്നു വ്യക്തമാക്കാത്തതും പ്രഥമ ദൃഷ്ട്യാ വഞ്ചനയാണെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉടന്‍തന്നെ മംഗലാപുരത്തുപോയി അന്വേഷണം നടത്തുമെന്നും കൂടുതല്‍ രേഖകള്‍ പരിശോധിച്ചും സാക്ഷികളുടെ മൊഴികളെടുത്തും അന്വേഷണം പൂര്‍ത്തീകരിച്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.