‘എഡിജിപി അജിത് കുമാർ നൊട്ടോറിയസ് ക്രിമിനല്‍, മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണുകള്‍ ചോർത്തുന്നു; പി. ശശി പരാജയം’: ഗുരുതര ആരോപണങ്ങളുമായി പി.വി. അന്‍വർ

 

മലപ്പുറം: എഡിജിപി എം.ആർ. അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അന്‍വർ എംഎല്‍എ. അജിത് കുമാർ നെട്ടോറിയസ് ക്രിമിനലാണെന്ന് ആവർത്തിച്ച് അൻവർ സംരക്ഷിക്കുന്നത് പി. ശശിയാണെന്നും കുറ്റപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ കോളുകൾ പുറത്തുവിട്ടത് അവരുടെ തട്ടിപ്പ് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണെന്നും പി.വി. അന്‍വർ പറഞ്ഞു.

മന്ത്രിമാരുടെ ഫോണ്‍ കോളുകള്‍ പോലീസ് ചോർത്തുന്നുണ്ട്. എം.ആർ. അജിത് കുമാറിന്‍റെ നേതൃത്വത്തിൽ മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഫോൺ കോളുകൾ ചോർത്തുന്ന സൈബർ സെൽ പ്രവർത്തിക്കുന്നുണ്ടെന്ന ഗുരുതര ആരോപണവും അന്‍വർ ഉയർത്തി. പല പോലീസ് ഓഫീസർമാരുടെയും ഫോൾ കോൾ താനും ചോർത്തിയിട്ടുണ്ടെന്ന് അൻവർ പറഞ്ഞു. ഇനിയും ഒരുപാട് ഫോൺ കോളുകൾ ടെലികാസ്റ്റ് ചെയ്യാനുണ്ട്. ആഭ്യന്തര സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ തനിനിറം പുറത്തുകാണിക്കാന്‍ വേണ്ടിയാണ് തെളിവ് പുറത്തുവിട്ടത്.

ക്രിമിനലിസത്തിന്‍റെ അങ്ങേയറ്റമാണ് എം.ആർ. അജിത് കുമാർ. അജിത് കുമാറിന്‍റെ റോൾ മോഡൽ ദാവൂദ് ഇബ്രാഹിം ആണോയെന്ന് സംശയിച്ചുപോകും. അദ്ദേഹം ചെയ്തുകൂട്ടിയ കാര്യങ്ങൾ ദാവൂദ് ഇബ്രാഹിമിനെ പോലുള്ളവരുടെ ജീവചരിത്രം പഠിച്ചവനെ സാധിക്കുകയുള്ളൂ. അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും പി.വി. അൻവർ ആരോപിച്ചു. മലപ്പുറം എടവണ്ണയിൽ രണ്ടുവർഷം മുമ്പ് ഒരു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അജിത് കുമാറിന് പങ്കുണ്ട്. മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും കൂടുതൽ തെളിവുകൾ ഉണ്ടെന്നും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും അന്‍വർ പറഞ്ഞു.

കരിപ്പൂരിൽ എഡിജിപിയുടെ നേതൃത്വത്തിൽ നടക്കുന്നത് വൻ സ്വർണ്ണക്കള്ളക്കടത്ത്. പിടിക്കപ്പെടുന്നതിൽ 60 ശതമാനം സ്വർണ്ണവും എം.ആർ. അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള കൊള്ളസംഘം തട്ടിയെടുക്കുന്നു.  തിരുവനന്തപുരം കേന്ദ്രീകരിച്ചും അജിത് കുമാറിന്‍റെ നേതൃത്വത്തില്‍ സ്വർണ്ണക്കള്ളക്കടത്ത് നടത്തുന്നുണ്ട്. താൻ പൂർണ്ണ ഉത്തരവാദിത്വത്തോടെയാണ് ഇത് പറയുന്നതെന്നും അജിത് കുമാറിനെതിരെ കേസെടുത്ത് ജയിലിൽ അടയ്ക്കണമെന്നും പി.വി. അൻവർ എംഎല്‍എ ആവശ്യപ്പെട്ടു. എസ്.പി. സുജിത് ദാസ് ലീവ് എടുത്തിരിക്കുന്നത് തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയാണ്. കൊന്നും കൊല്ലിച്ചും എല്ലാം നേടുന്ന ഒരു വൻ സംഘത്തിനെയാണ് താൻ നേരിടുന്നതെന്നും തന്‍റെ ജീവൻ അപകടത്തിൽ ആണെന്നും പി.വി. അന്‍വർ എംഎല്‍എ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

Comments (0)
Add Comment