മലപ്പുറം : പി.വി. അൻവർ എംഎൽഎ മാധ്യമപ്രവർത്തകനെ അസഭ്യം പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. താന്‍ മണ്ഡലത്തിൽ നിന്നും അപ്രത്യക്ഷമായത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകന് നേരെയായിരുന്നു അന്‍വർ ഫേസ്ബുക്കിലൂടെ അസഭ്യവർഷം നടത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിലധികമായി പി.വി അൻവർ നിലമ്പൂർ മണ്ഡലത്തിൽ നിന്നും മാറി നില്കുകയാണ്.
തെരഞ്ഞെടുപ്പിന് മുമ്പും പി.വി അന്‍വറിനെ മണ്ഡലത്തില്‍ കാണാനില്ലായിരുന്നു. പി.വി അൻവർ എംഎൽഎയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഘാന പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മലയാളികള്‍ കൂട്ടത്തോടെ എത്തിയിരുന്നു. ഘാനയുടെ പ്രസിഡന്‍റ് നാന അകുഫോ അഡ്ഡോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അന്ന് അന്‍വറിനെ ട്രോളുന്ന കമന്‍റുകളുമായി മലയാളികള്‍ നിറഞ്ഞാടിയത്.
അൻവറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിലമ്പൂർ പൊലീസിൽ പരാതിയും നല്‍കിയിരുന്നു. പരാതിക്കാരെല്ലാം ക്ഷമിക്കണം, താൻ ആഫ്രിക്കയിലാണെന്നായിരുന്നു അന്ന് പി.വി അൻവർ മറുപടി നൽകിയത്. പൊതുപ്രവർത്തകൻ എന്നതിനൊപ്പം താനൊരു ബിസിനസുകാരൻ കൂടിയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിന് ശേഷം ബിസിനസ് ആവശ്യത്തിനാണ് വിദേശത്തേക്ക് വന്നതെന്നുമായിരുന്നു അന്ന് അന്‍വർ വിശദീകരിച്ചത്.
ഇപ്പോള്‍ അന്‍വറിന്‍റെ അപ്രത്യക്ഷമാകല്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇത്തവണ ആഫ്രിക്കയിലേക്കാണോ അന്‍റാർട്ടിക്കയിലേക്കാണോ പോക്കെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എംഎല്‍എ മണ്ഡലത്തെ അനാഥമാക്കിയെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും പി.വി അന്‍വർ പങ്കെടുത്തിരുന്നില്ല. എന്തായാലും നിലമ്പൂർ എംഎല്‍എയുടെ അസാന്നിധ്യം വീണ്ടും പരാതികള്‍ക്കും ചർച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്.