പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: പ്രതികള്‍ക്ക് കുറ്റപത്രത്തിന്‍റെ ഡിജിറ്റല്‍ കോപ്പി; കോടതിയില്‍ സമർപ്പിച്ചു

Thursday, November 25, 2021

 

കൊല്ലം : പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിൽ കുറ്റപത്രത്തിന്‍റെ ഡിജിറ്റൽ പകർപ്പ് പെൻഡ്രൈവിൽ കോടതിയിൽ സമർപ്പിച്ചു. 10,000 ത്തിലധികം പേജുകൾ ഉള്ള കുറ്റപത്രത്തിന്‍റെ 59 പെൻഡ്രൈവുകളാണ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ചത്.  പ്രതികൾക്കുള്ള കുറ്റപത്രത്തിന്‍റെ പകർപ്പാണിപ്പോൾ പെൻഡ്രൈവിൽ സമർപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തിൽ പ്രതികൾക്ക് കുറ്റപത്രത്തിന്‍റെ പകർപ്പ് നൽകുന്നത്. കുറ്റപത്രം അന്വേഷണ സംഘം നേരത്തെ കോടതിയിൽ നൽകിയിരുന്നു. കേസിൽ 59 പ്രതികളാണ് ഉള്ളത്. ഇതിൽ 52 പേരാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. ഇവർക്ക് 10,000 പേജുള്ള കുറ്റപത്രത്തിന്‍റെ പകർപ്പ് നൽകുന്നതിന് ലക്ഷ കണക്കിന് പേപ്പർ പ്രിന്‍റുകൾ എടുക്കുന്നതിന്‍റെ പ്രയോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് പരവൂർ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഡിജിറ്റൽ പതിപ്പ് നൽകുവാൻ നിർദ്ദേശിച്ചത്.