വര്‍ഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം; പുതുയുഗ യാത്ര മലബാറില്‍ പുതുചരിത്രം കുറിക്കുന്നു

Jaihind News Bureau
Friday, February 13, 2026

 

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര മലബാറിലെ 4 ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കുമ്പോള്‍ ജാഥയിലെയും പൊതുയോഗങ്ങളിലെയും ജനപങ്കാളിത്തമാണ് ശ്രദ്ധേയം. കാസര്‍കോട് നിന്നാരംഭിച്ച പുതുയുഗ യാത്ര ഓരോ സ്വീകരണ കേന്ദ്രവും പിന്നിട്ട് കോഴിക്കോട് എത്തിയപ്പോഴും ജനങ്ങള്‍ ജാഥ നായകനെ സ്വീകരിക്കാനായി ഒഴുകിയെത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.

കാസര്‍കോട് കുമ്പളയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി പതാക കൈമാറിയതോടെ ആരംഭിച്ച പുതുയുഗ യാത്ര പുതു ചരിത്രം സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഓരോ സ്വീകരണ പാതുയോഗ കേന്ദ്രങ്ങളിലും ജനങ്ങള്‍ ജാഥ നായകന്‍ വിഡി സതീശനെ ആവേശത്തോടെയാണ് വരവേറ്റത്.

ഉദുമ , കാഞ്ഞങ്ങാട് , തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ സ്വീകരണത്തിന് സപ്തഭാഷ സംഗമ ഭൂമി സമീപകാലത്ത് ദര്‍ശിച്ച ഏറ്റവും വലിയ ജനകൂട്ടമാണ് എത്തിയത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ പയ്യന്നൂരിലും, തളിപ്പറമ്പിലും, കണ്ണൂരിലും കോണ്‍ഗ്രസ്സിന്റെ കരുത്ത് വിളിച്ചോതുന്ന സ്വീകരണമാണ് നല്‍കിയത്.മട്ടന്നൂരിലെയും പാനൂരിലെയും, തലശ്ശേരിയിലെയും ജനകൂട്ടം രാഷ്ട്രിയ നിരീക്ഷികരെയും ഏവരെയും അമ്പരിപ്പിച്ചു.

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ഇരിക്കൂര്‍ ശ്രീകണ്ഠാപുരത്തും ഇരിട്ടിയിലും വിഡി സതീശന്‍ എത്തിയപ്പോള്‍ അവേശം അലതല്ലി. വയനാട്ടിലെ മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും കല്പറ്റയിലും ജനസാഗരം സാക്ഷിയായി. കോഴിക്കോട് കുറ്റ്യാടി, നാദാപുരം, കുന്ദമംഗലം, കൊടുവള്ളി, ബാലുശ്ശേരി, നന്മണ്ട, കൊയിലാണ്ടി, വടകര എന്നീ പൊതു യോഗ കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യമാണ് എടുത്തു പറയേണ്ടത്. ഓരോ പൊതുയോഗ വേദികളിലേക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ ജാഥാ നായകന്‍ വിഡി സതീശനെ തോളിലേറ്റിയാണ് എത്തിച്ചത്. വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടത്തില്‍ വിട്ടു വീഴ്ച്ചയില്ലെന്ന വിഡി സതീശന്റെ പ്രഖ്യാപനം ഹൃദയത്തോട് ചേര്‍ത്ത് വെച്ചാണ് പൊതുയോഗ കേന്ദ്രത്തില്‍ നിന്ന് ജനക്കുട്ടം മടങ്ങിയത്. സി പി എം ശക്തി കേന്ദ്രങ്ങളിലെ ജനപങ്കാളിത്തം സി പി എമ്മിലും ചര്‍ച്ച ആയിട്ടുണ്ട്