പുതുപ്പള്ളി വിധിയെഴുതാന്‍ ഇനി നാലു നാള്‍: അതിവേഗ പ്രചാരണത്തില്‍ ചാണ്ടി ഉമ്മന്‍; എ.കെ. ആന്‍റണി നാളെ മണ്ഡലത്തില്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അവസാന ലാപ്പിൽ എത്തുമ്പോൾ പ്രചാരണം വേഗത്തിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച് മണ്ഡലം നിറഞ്ഞ് ചാണ്ടി ഉമ്മൻ പ്രചാരണ രംഗത്ത് സജീവമാണ്. സെപ്റ്റംബർ 5-ാം തീയതിയാണ് പുതുപ്പള്ളി വിധി എഴുതുന്നത്.

രാവിലെ എട്ടര മുതൽ ആരംഭിക്കുന്ന പ്രചാരണം ഏറെ വൈകിയാണ് ചാണ്ടി ഉമ്മൻ അവസാനിപ്പിക്കുന്നത്. പഞ്ചായത്തുകൾ തിരിച്ച് വീടുകളിലും കടകളിലും കയറിയാണ് ചാണ്ടി ഉമ്മന്‍റെ പ്രചാരണം. അടുത്തദിവസങ്ങളിൽ പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ശശി തരൂർ എംപിയും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയും പ്രചരണത്തിന് എത്തും. എനിക്ക് ആന്‍റണിയുടെ വരവ് പ്രചാരണത്തിന് കൂടുതൽ ശക്തി പകരുമെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഓണത്തോടനുബന്ധിച്ചുള്ള അവധി പ്രമാണിച്ച് രണ്ടുദിവസങ്ങളായി യുഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹന പര്യടനം ഒഴിവാക്കിയിരുന്നു. സെപ്റ്റംബർ 1, 2 തീയതികളിലാവും ഇനി ചാണ്ടി ഉമ്മന്‍റെ വാഹന പര്യടനം നടക്കുക.

ചതയ ദിനമായ ഇന്ന് ചാണ്ടി ഉമ്മന്‍റെ പ്രചരണ പരിപാടികൾ പ്രധാനമായും മണ്ഡലത്തിലെ ശ്രീനാരായണഗുരുദേവ ക്ഷേത്രങ്ങൾ സന്ദർശിക്കലായിരുന്നു. വാഗത്താനം മണ്ഡലത്തിലെ കാടമുറി ശ്രീനാരായണഗുരുദേവക്ഷേത്രം സന്ദർശിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. തോട്ടയ്ക്കാട് ഗുരുദേവക്ഷേത്രത്തിലെത്തി സന്ദർശനം നടത്തിയ ശേഷം ചാണ്ടി ഉമ്മൻ ഗുരുപൂജ വഴിപാട് കഴിപ്പിച്ചു. ശേഷം എല്ലാ മണ്ഡലങ്ങളിലെയും ഗുരുദേവക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുകയും ക്ഷേത്രങ്ങളിലെ വിശ്വാസികൾക്ക് ചതയ ദിന ആശംസകൾ നേരുകയും ചെയ്തു.

“ഇന്ന് ലോകാരാധ്യനായ വിശ്വ ഗുരുവായി ലോകം വാഴ്ത്തുന്ന ഗുരുദേവന്‍റെ ജന്മ ദിനമാണ് . അദ്ദേഹം ലോകത്തിന് മഹത്തായ സന്ദേശം പകർന്നു നൽകിയ വ്യക്തിത്വമാണ്. എല്ലാവരും ഒന്നാണ്. ഒരു സമൂഹമാണ്. അതിൽ യാതൊരുവിധ വ്യത്യാസവുമില്ല. ഒരു മനുഷ്യകുലം ഒരു മനുഷ്യ സമൂഹം എന്ന മഹത്തായ സന്ദേശം നമുക്ക് നൽകി ഈ ലോകത്തെ ചേർത്തുപിടിച്ച ഗുരുദേവനെ ഈ നിമിഷം ഞാൻ സ്നേഹപൂർവം ഓർക്കുകയാണ്. അദ്ദേഹത്തിന്‍റെ പരിപാവനമായ സ്മരണകൾക്ക് മുന്നിൽ ഞാൻ തലകുനിക്കുന്നു” – നാലുനാക്കൽ ശ്രീനാരായണഗുരു ക്ഷേത്രത്തിൽ വിശ്വാസികൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് ചാണ്ടി ഉമ്മൻ പറഞ്ഞു.

കേറുന്ന ഓരോ ക്ഷേത്രങ്ങളിലും വിശ്വാസി സമൂഹത്തിന്‍റെ ഭാഗത്തുനിന്ന് ചാണ്ടി ഉമ്മന് വലിയ സ്വീകരണമാണ് ലഭിച്ചത്. ചതയ ദിനാഘോഷത്തിന്‍റെ ഭാഗമായി വിവിധ ഇടങ്ങളിൽ സംഘടിപ്പിക്കപ്പെട്ട ഘോഷയാത്രകളിലും ചാണ്ടി ഉമ്മൻ പങ്കാളിയായി. തിരുവഞ്ചൂർ നാലുമണിക്കാറ്റ് 35, 85 എസ്എൻഡിപി യൂണിറ്റുകളുടെ ചതയ ദിന ഘോഷയാത്രയിൽ ചാണ്ടി ഉമ്മൻ എത്തുകയും പങ്കെടുത്ത എല്ലാവർക്കും ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ക്ഷേത്ര സന്ദർശനം പൂർത്തിയാക്കുന്നതിനിടയിൽ കേരള കോൺഗ്രസിന്‍റെ നേതൃത്വത്തിൽ അയർക്കുന്നത്ത് സംഘടിപ്പിക്കപ്പെട്ട വ്യാപാര സ്ഥാപനങ്ങളിൽ കയറിയുള്ള വോട്ട് അഭ്യർത്ഥന പരിപാടിയിൽ പങ്കാളിയായി. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎയാണ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തത്. ശേഷം കേരള കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കവലയിലുള്ള മുഴുവൻ കടകളിലും കയറി സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. കേരള കോൺഗ്രസ് പ്രവർത്തകരും നേതാക്കന്മാരും ഉണ്ടായിരുന്നു. ബിഗ് ബോസ് താരമായ അഖിൽ മാരാർ അയർക്കുന്നം കവലയിൽ ചാണ്ടി ഉമ്മന് ആശംസകൾ നേർന്ന് പ്രചാരണത്തിന് പിന്തുണ അർപ്പിച്ച് എത്തി. നല്ല മനുഷ്യർ ജയിച്ചു വരണം എന്നും കേരളത്തെ നന്നായി മനസിലാക്കിയ ഉമ്മൻചാണ്ടി സാറിന്‍റെ മകനെ പുതുപ്പള്ളി യും നന്നായി തിരിച്ചറിയുമെന്നും അഖിൽ മാരാർ ചാണ്ടി ഉമ്മന് ആശംസ അർപ്പിച്ച് പറഞ്ഞു.

കടകൾ കയറിയതിനു ശേഷം സ്ഥാനാർത്ഥി വീണ്ടും ക്ഷേത്ര സന്ദർശനങ്ങളും വിശ്വാസികളെ നേരിൽ കാണുന്നതും തുടർന്നു. മഞ്ഞാടി ശിവദർശനക്ഷേത്രത്തിൽ സംഘടിപ്പിക്കപ്പെട്ട ചതയ ആഘോഷ പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് ചാണ്ടി ഉമ്മൻ ഉച്ചഭക്ഷണം കഴിച്ചത്. ക്ഷേത്രത്തിൽ ഉണ്ടായിരുന്ന വിശ്വാസി സമൂഹം വലിയ സ്നേഹത്തോടും സ്വീകാര്യതയോടും കൂടി സ്ഥാനാർത്ഥിയെ ചേർത്തുപിടിച്ചു. സ്ഥാനാർത്ഥിക്കൊപ്പം സെൽഫി എടുക്കാൻ കുട്ടികളുടെയും മുതിർന്നവരുടെയും വലിയ തിരക്കായിരുന്നു. ആഗ്രഹം പുലർത്തിയ മുഴുവനാളുകളുമായി ചിത്രങ്ങൾ പകർത്തിയ ശേഷമാണ് ചാണ്ടി ഉമ്മൻ അവിടെ നിന്ന് പിരിഞ്ഞത്. ശേഷം പാമ്പാടി വിശ്വകർമ്മ സൊസൈറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലും ചാണ്ടി ഉമ്മൻ പങ്കാളിയായി.

 

 

Comments (0)
Add Comment