പുതുപ്പള്ളി അങ്കത്തിന് ഇനി 8 നാള്‍: മണ്ഡലം നിറഞ്ഞ് ചാണ്ടി ഉമ്മന്‍; പ്രചാരണച്ചൂട്

Jaihind Webdesk
Monday, August 28, 2023

 

കോട്ടയം: പുതുപ്പള്ളിയിൽ വോട്ടെടുപ്പിന് ഇനി 8 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആവേശ പ്രചാരണത്തിലാണ് മുന്നണികള്‍. ഓണത്തിന്‍റെ തിരക്കുകള്‍ക്കിടയിലും പരമാവധി ആളുകളെ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികള്‍.  മണ്ഡലത്തിലെ ജനങ്ങളുടെ സ്നേഹാശീർവാദങ്ങള്‍ ഏറ്റുവാങ്ങി  യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍റെ വാഹനപര്യടന ജാഥ തുടരുകയാണ്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 41-ാം ചരമദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം  ചാണ്ടി ഉമ്മൻ പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. ഇന്ന് പുനഃരാരംഭിച്ച വാഹനപര്യടന ജാഥ കടന്നുചെല്ലുന്നിടങ്ങളിലെല്ലാം വന്‍ വരവേല്‍പ്പാണ് യുഡിഎഫ് സ്ഥാനർത്ഥിക്ക് ലഭിക്കുന്നത്. ജനങ്ങള്‍ കാത്തുനില്‍ക്കുന്നതിനാല്‍ നിശ്ചയിച്ചതിലും കൂടുതല്‍ പോയിന്‍റുകളില്‍ ഇറങ്ങിയാണ് ചാണ്ടി ഉമ്മന്‍റെ പര്യടനം പുരോഗമിക്കുന്നത്. എല്ലാ മലയാളികള്‍ക്കും ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും ഓണക്കാലം ആശംസിക്കുന്നതായി ചാണ്ടി ഉമ്മന‍്‍ ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.

പുതുപ്പള്ളി വിധിയെഴുതാന്‍ കേവലം 8 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. കണിശതയോടെയുള്ള പ്രചാരണ പ്രവർത്തനങ്ങളുമായി യുഡിഎഫ് ബഹുദൂരം മുന്നിലാണ്. എല്‍ഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസും എന്‍ഡിഎ സ്ഥാനാർത്ഥി ലിജിന്‍ ലാലും പ്രചാരണരംഗത്തുണ്ട്. ഇടതുസർക്കാരിന്‍റെ ജനദ്രോഹ ഭരണത്തിനെതിരായ വികാരവും പുതുപ്പള്ളിയില്‍ ശക്തമായി പ്രതിഫലിക്കും എന്നു വ്യക്തമാക്കുന്ന സര്‍വേഫലങ്ങളും പുറത്തുവന്നിട്ടുണ്ട്.