കോട്ടയം: പുതുപ്പളളിയില്‍ വികസനമില്ലെന്ന എല്‍ഡിഎഫ് പ്രചാരണത്തിന് ലഭിച്ച തിരിച്ചടിയാണ് മികച്ച ഭൂരിപക്ഷത്തോടെയുളള യുഡിഎഫ് വിജയം. പുതുപ്പളളിയിലെ വികസനത്തിനൊപ്പം സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണപരാജയവും ചര്‍ച്ച ചെയ്താണ് തിരഞ്ഞെടുപ്പിലുടനീളം യുഡിഎഫ് സിപിഎമ്മിനെ നേരിട്ടത്.
53 വര്‍ഷം എംഎല്‍എയായിരുന്ന ഉമ്മന്‍ ചാണ്ടി പുതുപ്പളളിയില്‍ കാര്യമായ വികസനമൊന്നും നടത്തിയിട്ടില്ലെന്നായിരുന്നു തിരഞ്ഞെടുപ്പിന്‍റെ തുടക്കം മുതല്‍ എല്‍ഡിഎഫ് അഴിച്ചുവിട്ട പ്രചാരണം. പുതുപ്പളളിയില്‍ ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന സ്ഥാപനങ്ങളുടെ കണക്കുനിരത്തിയായിരുന്നു യുഡിഎഫ് മറുപടി. ഇതിനോടൊപ്പം ഏഴുവര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ എന്തു വികസനം നടത്തിയെന്ന് യുഡിഎഫ് ബദല്‍ ചര്‍ച്ചയും നടത്തി. സപ്ലൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ ക്ഷാമവും സംസ്ഥാനത്തിന്‍റെ പൊതുകടവും യുഡിഎഫ് ഉയര്‍ത്തിക്കാട്ടി. മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ജനങ്ങളെ അഭിമുഖീകരിക്കാന്‍ പ്രയാസമാണെന്ന് കോണ്‍ഗ്രസ് വലിയ പ്രചാരണം അഴിച്ചുവിട്ടതോടെ ആദ്യഘട്ടത്തില്‍ മാറിനിന്ന മന്ത്രിമാരെല്ലാം പുതുപ്പളളിയിലേക്കെത്തി പ്രചാരണത്തില്‍ പങ്കാളികളായി. മുഖ്യമന്ത്രിയുടെ പര്യടനം ഒരു ദിവസത്തില്‍നിന്ന് മൂന്നു ദിവസമായും കൂട്ടി. ഇതിനുപിന്നാലെയാണ് മന്ത്രിമാര്‍ മേഖലാസദസുകളില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നത്.
മലബാറിനെയും പുതുപ്പള്ളിയെയും താരതമ്യം ചെയ്തുള്ള ചര്‍ച്ചകളും പുതുപ്പളളിക്കാര്‍ ആദ്യമേ തളളിക്കളഞ്ഞിരുന്നു. ഇതിനോടൊപ്പം മാസപ്പടി, സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍, എഐ ക്യാമറ, കെ ഫോണ്‍, മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അഴിമതി ആരോപണങ്ങള്‍കൂടി യുഡിഎഫ് ചര്‍ച്ചയാക്കിയതോടെ സിപിഎമ്മിന് പിടിച്ചുനില്‍ക്കാന്‍ പറ്റാതായി. രാജവീഥികളും അംബരചുംബികളായ കെട്ടിടങ്ങളും മാത്രമല്ല ജനത്തെ ചേര്‍ത്തുപിടിക്കല്‍ കൂടിയാണ് രാഷ്ട്രീയെമെന്ന് വ്യക്തമാക്കുന്നതാണ് പുതുപ്പളളി തിരഞ്ഞെടുപ്പ് ഫലം.