പുന്നാട്ട് യാക്കൂബ് വധക്കേസിൽ വിധി ഇന്ന്

Jaihind Webdesk
Wednesday, May 22, 2019

സിപിഎം പ്രവർത്തകൻ ഇരിട്ടി പുന്നാട്ട് യാക്കൂബിനെ വധിച്ച കേസിൽ വിധി ഇന്ന്. തലശ്ശേരി അഡിഷനൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.

ആർ എസ് എസ് -ബി ജെ പി പ്രവർത്തകരായ 16 പേരാണ് പ്രതികൾ. ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി കേസിൽ പതിനാലാം പ്രതിയാണ്. ഗൂഢാലോചന കുറ്റമാണ് വത്സൻ തില്ലങ്കേരിക്ക് എതിരെ ചുമത്തിട്ടുള്ളത്.

2006 ജൂൺ 13-ന് രാത്രി 9.15-നാണ് കേസിനാസ്പദമായ സംഭവം. സിപിഎം. പ്രവർത്തകൻ ഇരിട്ടി പുന്നാട് കോട്ടത്തെക്കുന്നിലെ കാണിക്കല്ലുവളപ്പിൽ യാക്കൂബിനെ അക്രമി സംഘം ബോബെറിഞ്ഞ് കൊന്നെന്നാണ് കേസ്. യാക്കൂബ് കല്ലിക്കണ്ടി ബാബുവിന്‍റെ വീട്ടിൽ സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കെ ബിജെപി പ്രവർത്തകർ വീട്ടിൽ അതിക്രമിച്ച് കടക്കുകയും രക്ഷപെടുന്നതിനിടെ യാക്കൂബ് അയൽ വീട്ടിൽ അഭയം തേടുകയും ചെയ്തുവെന്നും പിന്തുടര്‍ന്ന് ഇവിടെ എത്തിയ ബിജെപി പ്രവർത്തകർ യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി എന്നുമാണ് കേസ്.

രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ആർ എൽ ബൈജു മുമ്പാകെ വിചാരണ പൂർത്തിയായ കേസിൽ ബിജെപി പ്രവർത്തകരായ പുന്നാട് ദീപം വീട്ടിൽ ശങ്കരൻ മാസ്റ്റർ, വിലങ്ങേരി മനോഹരൻ, തെക്കെവീട്ടിൽ വിജേഷ്, വത്സൻ തില്ലങ്കേരി, മാവില ഹരീന്ദ്രൻ തുടങ്ങി 16 പേരാണ് പ്രതികൾ.

1. കീഴൂര്‍ മീത്തലെപുന്നാട് ദീപംഹൗസില്‍ ശങ്കരന്‍ മാസ്റ്റർ (48)
2.വിലങ്ങേരി മനോഹരന്‍ എന്ന മനോജ് (42)
3. തില്ലങ്കേരി ഊര്‍പ്പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ് (38)
4. കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍ (48)
5. കീഴൂര്‍ പുന്നാട് കാറാട്ട്ഹൗസില്‍ പി കാവ്യേഷ് (40)
6.മീത്തലെപുന്നാട് മായനിവാസില്‍ പന്ന്യോടന്‍ ജയകൃഷ്ണന്‍ (39)
7. പുന്നോട് കുറ്റിയാന്‍ഹൗസില്‍ ദിവാകരന്‍ (59)
8. കോട്ടത്തെക്കുന്ന് സിന്ധുനിലയത്തില്‍ എസ് ടി സുരേഷ് (48)
9. എസ് ടി സജീഷ് (37)
10. കീഴൂര്‍ പാറേങ്ങാട്ടെ പള്ളി ആശാരിവീട്ടില്‍ പി കെ പവിത്രന്‍ എന്ന ആശാരി പവി (48)
11. തില്ലങ്കേരി കാരക്കുന്നുമ്മല്‍വീട്ടില്‍ കെ കെ പപ്പന്‍ എന്ന പത്മനാഭന്‍ എന്ന പത്മജന്‍ (36)
12. കീഴൂര്‍ ഇല്ലത്ത്മൂലയിലെ പുത്തന്‍വീട്ടില്‍ മാവില ഹരീന്ദ്രന്‍ (56)
13. കല്ലങ്ങോട്ടെ ചാത്തോത്ത്‌വീട്ടില്‍ കൊഴുക്കുന്നോന്‍ സജീഷ് (36)
14. വത്സന്‍ തില്ലങ്കേരി
15. പാറേങ്ങാട്ടെ അജിഷ നിവാസില്‍ വള്ളികുഞ്ഞിരാമന്‍ (57)
16. കീഴൂരിലെ തൂഫാന്‍ ബാബു എന്ന കെ വി ബാബു (38)

സംഭവത്തിൽ പരിക്കു പറ്റിയവരെയും സംഭവം നേരിൽ കണ്ടവരെയും കേസന്വേഷണത്തിന് മുഖ്യപങ്ക് വഹിച്ച ഡിവൈഎസ്പി പ്രിൻസ് അബ്രഹാം, കെ.മുരളീധരൻ, രതീഷ് കുമാർ, ഷിൻഡോ, വിനോദൻ, തുടങ്ങിയ 24 പേരെയാണ് പ്രോസിക്യൂഷന് വേണ്ടി വിസ്തരിച്ചിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ പി ബിനിഷയും, പ്രതികൾക്ക് വേണ്ടി അഡ്വ പി എസ് ശ്രീധരൻപിള്ള, അഡ്വ ടി സുനിൽകുമാർ, അഡ്വ. പി പ്രേമരാജൻ തുടങ്ങിയവരുമാണ് ഹാജരായത്.