പഞ്ചാബില്‍ അതിഥി തൊഴിലാളികള്‍ക്ക് യാത്രാ ചെലവിനായി 35 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

Jaihind News Bureau
Thursday, May 7, 2020

 

അതിഥി തൊഴിലാളികള്‍ക്ക് യാത്രാ ചെലവിനായി 35 കോടി രൂപ അനുവദിച്ച് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ചത്. സര്‍ക്കാര്‍ ചെലവില്‍ അതിഥി തൊഴിലാളികളേയും വഹിച്ചുകൊണ്ടുള്ള ആദ്യ ട്രെയിനായ ശ്രമിക് എക്‌സപ്രസ് ഇന്ന് പഞ്ചാബില്‍ നിന്നും യാത്ര തിരിച്ചു. ജാര്‍ഖണ്ഡിലെ ധല്‍ത്തോഗഞ്ചിലേക്കാണ് ട്രെയിന്‍ പുറപ്പെട്ടത്.

അനുവദിച്ച തുകയുടെ 25 ശതമാനം  ട്രെയിനുകള്‍ പുറപ്പെടുന്ന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂറായി കൈമാറി. തൊഴിലാളികള്‍ക്ക് റെയില്‍വേയില്‍ നിന്നും ടിക്കറ്റ് എടുത്ത് കൈമാറാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നതും ജില്ലാ കളക്ടര്‍മാരെയാണ്. ടിക്കറ്റ് എടുത്ത് നല്‍കിയവരുടെ ലിസ്റ്റ് കൈമാറുന്ന മുറയ്ക്ക് ശേഷിക്കുന്ന തുക സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറും.

സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനവും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ www.covidhelp.punjab.gov.in എന്ന വെബ്‌സൈറ്റിലാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ട്രെയിന്റെ സമയം അടക്കമുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ എം.എം.എസ് വഴി അയച്ചുകൊടുക്കും. ഇതുവരെ 6.44 ലക്ഷം അതിഥി തൊഴിലാളികളാണ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിട്ടുള്ളത്.

മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തയ്യാറായത്. അതിഥി തൊഴിലാളികളുടെ സുഗമായ യാത്ര ഉറപ്പാക്കുന്നതിനായി റെയില്‍വേ ഉദ്യോഗസ്ഥരുമായി ഏകോപനം നടത്താന്‍ പ്രത്യേക സംഘത്തെയും മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തോളം തൊഴിലാളികള്‍ ട്രെയിനെ ആശ്രയിക്കുമെന്നാണ് കരുതപ്പെടുന്നത്. ശേഷിക്കുന്നവരെ റോഡ് മാര്‍ഗ്ഗമാകും അതാത് സംസ്ഥാനങ്ങില്‍ എത്തിക്കുക. ഒരാള്‍ക്ക് 640 രൂപ എന്ന നിരക്കിലാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ദേശീയ ദുരിതാശ്വാസ ആക്ടിന്റെ കീഴില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ 35 കോടി രൂപ അനുവദിച്ചത്.

കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ ജോലി എടുക്കുന്നതിനായി ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും അധികം തൊഴിലാളികള്‍ പഞ്ചാബിലെത്തുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടങ്ങിയ ഇവരെ സര്‍ക്കാര്‍ ചെലവില്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് എത്തിച്ച് മാതൃകയാകുകയാണ് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.