പ്ലേ ഓഫ് സാധ്യത നിലനിർത്താന്‍ പഞ്ചാബ്; സീസണില്‍ ആദ്യം പുറത്തായി ചെന്നൈ; ചെപ്പോക്കില്‍ ഇന്ന് ആവേശപ്പോരാട്ടം

Jaihind News Bureau
Wednesday, April 30, 2025

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- പഞ്ചാബ് കിംഗ്‌സ് പോരാട്ടമാണ് നടക്കുന്നത്. ഇന്നത്തെ മല്‍സരം ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ നാണക്കേട് ഒഴിവാക്കാന്‍ ചെന്നൈയ്ക്കും പ്ലേ ഓഫ് ലക്ഷ്യമിടുന്ന പഞ്ചാബിനും ഇന്ന് ജയം അനിവാര്യമാണ്. ചെന്നൈയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം നടക്കുക.

നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെയാണ് ചെന്നൈ ഇന്ന് ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. എന്നാല്‍ ഒരു പോയിന്റ് നഷ്ടം പോലും പ്ലേ ഓഫ് സാധ്യത ഇല്ലാതാക്കുമെന്ന തിരിച്ചറിവോടെയാകും പഞ്ചാബ് കിംഗ്‌സ് ഇന്ന് ചെപ്പോക്കില്‍ ഇറങ്ങുക. പത്താം മത്സരത്തിന് ഇറങ്ങുമ്പോള്‍ ചെന്നൈക്ക് നാലും പഞ്ചാബിന് 11ഉം പോയിന്റ് വീതമുണ്ട്. സീസണ്‍ ആരംഭിച്ചതു മുതല്‍ തണുപ്പന്‍ മട്ടിലാണ് ചെന്നൈ. 9 മല്‍സരങ്ങളില്‍ നിന്ന് 2 ജയങ്ങള്‍ മാത്രമാണ് ടീമിന്റെ ആകെ സമ്പാദ്യം. ആദ്യം പ്ലേ ഓഫ് കാണാതെ പുറത്തായതും ചെന്നൈ തന്നെ.

ചെപ്പോക്കില്‍ തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ ജയം എന്ന അപൂര്‍വ്വ നേട്ടമാണ് ഇന്ന് മല്‍സരത്തിന് ഇറങ്ങുന്ന പഞ്ചാബിന്റെ ഉന്നം. ജയിച്ചാല്‍ പ്ലേ ഓഫ് സ്ഥാനങ്ങളിലേക്ക് ആധികാരികമായി കടന്നു ചെല്ലാം. പ്രഭ്‌സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവര്‍ ടോപ് ഓര്‍ഡറില്‍ തീര്‍ക്കുന്ന വെടിക്കെട്ടാണ് ടീമിന്റെ കരുത്ത്. സീസണില്‍ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ പഞ്ചാബ് കിംഗ്‌സ് 18 റണ്‍സിന് ജയിച്ചിരുന്നു.