പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ്; തട്ടിയ പണം കൊണ്ട് വീടു പണിതു; റിജിലിന്‍റെ മൊഴി പുറത്ത്

Jaihind Webdesk
Thursday, December 15, 2022

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മാനേജര്‍ എം.പി.റിജിലിനെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. താന്‍ ഒറ്റക്കാണ് തട്ടിപ് മുഴുവന്‍ നടത്തിയതെന്നാണ് റിജില്‍ ക്രൈം ബ്രാഞ്ചിനു മൊഴി നല്‍കിയിരിക്കുന്നത്.
തട്ടിയെടുത്ത പണം കൊണ്ട് വീട് പണിതെന്നാണ് മൊഴി. ഭവന വായ്പയെടുത്ത 50 ലക്ഷം രൂപ ഓഹരി വിപണിയില്‍ നഷ്ടമായപ്പോള്‍ തട്ടിപ്പ് നടത്തിയെന്നും മൊഴിയിൽ പറയുന്നു. 7 ലക്ഷം രൂപയാണ് അക്കൗണ്ടിലുള്ളത്. ബാക്കി പണം ഓഹരി വിപണിയില്‍ നഷ്ടപ്പെട്ടെന്നും റിജില്‍ പൊലീസിനോട് പറഞ്ഞു.

കോഴിക്കോട് കോർപറേഷന്‍റേതടക്കം 17 അക്കൗണ്ടുകളിൽ നിന്നായി 12.68 കോടി രൂപയാണ് പഞ്ചാബ് നാഷനൽ ബാങ്ക് മുൻ സീനിയർ മാനേജർ എം.പി. റിജിൽ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസമാണ് ഏരിമലയിലെ ബന്ധു വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം റിജിലിനെ അറസ്റ്റ് ചെയ്തത്.