പഞ്ചാബിൽ പ്ലസ് ടു വിദ്യാർഥികൾക്ക് സർക്കാർ വക സമ്മാനം; 1,74,015 വിദ്യാർത്ഥികൾക്ക് സ്മാർട് ഫോണുകൾ നൽകും; നിറവേറ്റുന്നത് കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയിലെ വാഗ്ദാനം

പഞ്ചാബിൽ പ്ലസ് ടു വിദ്യാർഥികൾക്ക് സ്മാർട് ഫോണുകൾ നൽകി കോണ്‍ഗ്രസ് സർക്കാർ. 92 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി സർക്കാർ ആവിഷ്കരിച്ചത്. 1,74,015 വിദ്യാർത്ഥികൾക്കാണ് ഇതിന്‍റെ ഗുണം ലഭിക്കുന്നത്. കോണ്‍ഗ്രസ് പ്രകടന പത്രികയിൽ മുന്നോട്ടുവെച്ച ഒരു വാഗ്ദാനം കൂടിയായിരുന്നു ഇത്.

കോണ്‍ഗ്രസ് പ്രകടന പത്രികയിൽ മുന്നോട്ടുവെച്ച വാഗ്ദാനങ്ങളില്‍ ജനങ്ങൾക്ക് വിശ്വാസമാണ്. അതിനാൽ അവ ഓരോന്നും നടപ്പാക്കേണ്ടത് സർക്കാരിന്‍റെ കടമയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള കുട്ടികൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. 87,395 ആണ്‍കുട്ടികൾക്കും 86,620 പെണ്‍കുട്ടികൾക്കും നവംബറിന് മുമ്പായി സ്മാർട്ട് ഫോണുകൾ നൽകാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. സംസ്ഥാന ബജറ്റിൽ 100 ​​കോടി രൂപ ഇതിനായി അനുവദിച്ചിരുന്നു.

കൊവിഡ് സാഹചര്യത്തിൽ വിദ്യാഭ്യാസ രംഗത്ത് സ്മാർട് ഫോണുകൾക്ക് വലിയ പങ്ക് ഉണ്ടെന്നും, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ആഗോള നിലവാരത്തിലേക്ക് ഉയരാൻ പദ്ധതി സഹായിക്കുമെന്നും അമരീന്ദർ സിങ് വ്യക്തമാക്കി. മാർച്ചിൽ ആരംഭിക്കാൻ ഇരുന്ന പദ്ധതി കൊവിഡ് മൂലമാണ് വൈകിയത് എന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ 26 സ്ഥലങ്ങളിലായി വിവിധ മന്ത്രിമാരുടെ നേതൃത്വത്തിലാണ് ഫോണുകളുടെ വിതരണം നടന്നത്.

Comments (0)
Add Comment