ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മല്‍സരങ്ങള്‍ വീണ്ടും പുനരാരംഭിക്കുമ്പോള്‍ ഈ മാസം 9ന് നിര്‍ത്തിവെച്ച പഞ്ചാബ്-ഡല്‍ഹി പോരാട്ടം എങ്ങനെ നടത്തുമെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ്, ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാന്‍ സിംഗും നല്‍കിയ വെടിക്കെട്ട് തുടക്കത്തിന്റെ കരുത്തില്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന മികച്ച നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി മത്സരം നിര്‍ത്തിവെക്കേണ്ടി വന്നത്. അതിനാല്‍, ഈ മാസം 24ന് രാജസ്ഥാന്റെ ഹോം വേദിയായ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന പഞ്ചാബ്-ഡല്‍ഹി പോരാട്ടം കളി നിര്‍ത്തിയ പഞ്ചാബ് ഇന്നിംഗ്‌സില്‍ നിന്ന് പുനരാരംഭിക്കുമോ അതോ ആദ്യം മുതല്‍ തുടങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്. അതീവ സുരക്ഷയില്‍ രാജ്യം കടന്നുപോയിരുന്നതിനാല്‍ പിന്നീടുള്ള എല്ലാ മല്‍സരങ്ങളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഫലം കണ്ടെത്താന്‍ കഴിയാതെ പോയ പഞ്ചാബ്- ഡല്‍ഹി മല്‍സരത്തില്‍ പോയിന്റ് പങ്കിട്ടെടുക്കാതെ വീണ്ടും നടത്താനാണ് തീരുമാനമെന്ന്് നേരത്തെ തന്നെ അറിയിച്ചിരുന്നു.
ഈ മാസം 17 മുതല്‍ ഐപിഎല്‍ വീണ്ടും പുനാരാംഭിക്കുകയാണ്. പഞ്ചാബ്-ഡല്‍ഹി പോരാട്ടം എവിടെ തുടങ്ങുമെന്ന ആകാംക്ഷയിലിരിക്കുന്ന ആരാധകര്‍ക്ക് ഉത്തരമായി ബിസിസിഐ എത്തിയിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ മല്‍സരം ധരംശാലയില്‍ നടത്താന്‍ കഴിയില്ലാത്തിനാല്‍ ഈ മത്സരം പുതിയ മത്സരമെന്ന രീതിയില്‍ തുടങ്ങും. ടോസ് മുതല്‍ പുതിയ മല്‍സരമായിട്ടാകും നടക്കുക. ഡല്‍ഹിയെ സംബന്ധിച്ച് ഇത് ആശ്വാസകരമായ വാര്‍ത്തയാണ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. ഒരു ജയം അരികെ പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കാം. എന്നാല്‍ ഇനിയുള്ള എല്ലാ മല്‍സരങ്ങളും ഡല്‍ഹിക്ക് നിര്‍ണായകമാണ്.
11 കളികളില്‍ 15 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള പഞ്ചാബിന് ഡല്‍ഹിക്കെതിരെ ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പാക്കാം. അല്ലെങ്കില്‍, പുതുക്കിയ മത്സരക്രമം അനുസരിച്ച് ഞായറാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന മല്‍സരത്തില്‍ വിജയച്ചാലും പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിക്കാം. 11 കളികളില്‍ 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഡല്‍ഹി നില്‍ക്കുന്നത്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സുമായി ഡല്‍ഹിക്കുള്ള മത്സരത്തില്‍ തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേല്‍ക്കും.