മുഖത്തിടിച്ചു, ക്രൂരമായി മർദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു; ജയരാജനെതിരായ എഫ്ഐആർ പുറത്ത്

Jaihind Webdesk
Wednesday, July 20, 2022

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അതിക്രൂരമായി മർദ്ദിച്ചെന്ന് പോലീസിന്‍റെ എഫ്ഐആർ. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫർസീന്‍ മജീദിനെയും നവീന്‍ കുമാറിനെയും വിമാനത്തിനുള്ളില്‍ ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫും ചേർന്ന് ഭീകരമായി മർദ്ദിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പരാതിയിലാണ് ജയരാജനെതിരെ കേസെടുക്കാന്‍ കോടതി നിർദേശിച്ചത്.

മുഖ്യമന്ത്രിക്ക് മുമ്പിൽ പ്രതിഷേധിക്കാൻ നീയൊക്കെ ആരാടാ എന്ന് ജയരാജൻ ആക്രോശിച്ചു. കൈ ചുരുട്ടി നവീൻ കുമാറിന്‍റെ മുഖത്തടിച്ചു. രണ്ടുപേരെയും തള്ളി താഴെയിട്ടു. മൂന്ന് പ്രതികൾ ചേർന്ന് ഇരുവരെയും അതിഭീകരമായി മർദ്ദിച്ചു. ഫർസീൻ മജീദിനെ ജയരാജൻ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പോലീസിന്‍റെ പ്രഥമവിവര റിപ്പോർട്ടില്‍ പറയുന്നു.

വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ അനിൽകുമാറും സുനീഷുമാണ് പ്രതികള്‍. ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് നടപടി. വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം ഇ.പി ജയരാജനെതിരെ കേസെടുക്കാതെ സംരക്ഷിച്ച സർക്കാരിന്‍റെ ഏകപക്ഷീയമായ നിലപാടിന് വലിയ തിരിച്ചടിയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.