ആറു മാസമായി പണം നല്‍കിയിട്ടില്ല, സർക്കാർ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിർത്താന്‍ പമ്പുടമകള്‍; പോലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും ഉള്‍പ്പെടെ ഓട്ടം പ്രതിസന്ധിയിലാകും

Jaihind Webdesk
Tuesday, December 12, 2023

 

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് ജനുവരി ഒന്നു മുതൽ ഇന്ധനം നൽകുന്നത് നിർത്തിവെക്കാൻ പമ്പുടമകൾ. കഴിഞ്ഞ ആറു മാസമായി ഇന്ധനം അടിച്ചതിന്‍റെ പണം ലഭിക്കാത്തതിനാലാണ് നീക്കം. കഴിഞ്ഞ ആറുമാസമായി സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം അടിച്ചതിന്‍റെ വകയിൽ പമ്പ് ഒന്നിന് 5 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ കിട്ടാനുണ്ടെന്നാണ് ഉടമകൾ പറയുന്നത്.

സര്‍ക്കാര്‍ കരാറുകാര്‍ക്ക് ഇന്ധനം നൽകിയ വകയിലും കോടികൾ കുടിശികയുണ്ടെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് വ്യക്തമാക്കി. ഏറ്റവുമൊടുവിൽ പൊതുമേഖലാ വാഹനങ്ങൾക്ക് ഇന്ധനം നൽകിയതിന്‍റെ പണം കിട്ടിയത് ജൂണിലാണ്. പോലീസ് വാഹനങ്ങൾ മുതൽ ഫയര്‍ഫോഴ്സ് തുടങ്ങി വിവിധ ഡിപ്പാര്‍ട്ട്മെന്‍റ് വാഹനങ്ങൾ, ഇന്ധനം നിറച്ചു പോകുന്നതല്ലാതെ പണം നൽകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഏകദേശം 4 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് കൊല്ലം റൂറലിൽ പോലീസ് വാഹനങ്ങൾക്ക് മാത്രം ഇന്ധനം നൽകിയ വകയിൽ ഒരു പമ്പിന് കിട്ടാനുള്ളത്. കുടിശിക നൽകണമെന്നാവശ്യപ്പെട്ട് റൂറൽ എസ്‍പിക്കും ഡിജിപിക്കും നിവേദനം നൽകിയിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പമ്പുടമകൾ പറയുന്നത്.