
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് പുറത്ത് തിങ്കളാഴ്ച വൈകുന്നേരം നടന്ന കാര്‍ സ്‌ഫോടനം ചാവേര്‍ ഭീകരാക്രമണമാണെന്നും ഇതിന് ഫരീദാബാദ് ആസ്ഥാനമായുള്ള ഭീകര മൊഡ്യൂളിലെ പ്രധാനിയായ ഡോ. മുഹമ്മദ് ഉമറുമായി ബന്ധമുണ്ടെന്നും ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങള്‍ വിലയിരുത്തുന്നു. അതിര്‍ത്തി കടന്നെത്തിയ ചാവേറുകളായ കസബിനെ പോലെ ചാവേറുകളാകാന്‍ സന്നദ്ധരായവരുടെ സംഘമാണ് ഈ ആക്രമണവും നടത്തിയത്. ഫരീദാബാദ് മൊഡ്യൂള്‍ പൊളിയുകയും സ്്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെട പ്രധാന പ്രതി ഡോ. മുസമ്മില്‍ ഷക്കീല്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതോടെ ഉമര്‍ പരിഭ്രാന്തനായി. ഇതിനെ തുടര്‍ന്നാണ് ഈ ആക്രമണം നടത്തിയതെന്ന് കരുതപ്പെടുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഹ്യുണ്ടായ് i20 ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഗേറ്റ് നമ്പര്‍ 1 ന് സമീപം ബോധപൂര്‍വം പൊട്ടിത്തെറിപ്പിക്കുകയായിരുന്നു.

ആക്രമണം ഫിദായീന്‍ ശൈലിയിലുള്ള ഓപ്പറേഷന്റെ പ്രത്യേകതകള്‍ വഹിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ആക്രമണത്തിന്റെ ശൈലിയും അതിന്റെ നാള്‍വഴികളും ഏതാണ്ട് പൂര്‍ണ്ണമായും കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. അത് വളരെ മികച്ച നേട്ടമായി വിലയിരുത്തപ്പെടുന്നു. പ്രാഥമിക രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കാറില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ശേഷമാണ് തിരക്കേറിയ സ്ഥലത്തേക്ക് ഓടിച്ചുപോയത്. വൈകുന്നേരം 6:52 ഓടെ കാര്‍ പൊട്ടിത്തെറിക്കുകയും സമീപത്തെ വാഹനങ്ങളിലേക്ക് തീ പടരുകയും ചെയ്തു. സ്‌ഫോടനം വളരെ ശക്തമായിരുന്നതിനാല്‍ തെരുവ് വിളക്കുകള്‍ പോലും തകര്‍ന്നു. വളരെ ഉയരത്തില്‍ തീ ജ്വാലകള്‍ ഉയര്‍ന്നു പൊങ്ങി.
ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, സ്‌ഫോടനം നടക്കുമ്പോള്‍ ഡോ. മുഹമ്മദ് ഉമര്‍ i20 കാറില്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നു. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇയാള്‍ കാറില്‍ ഉണ്ടായിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ കാറില്‍ ഉമര്‍ മാത്രമാണോ ഉണ്ടായിരുന്നതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഉമര്‍ മറ്റ് രണ്ട് പേരുമായി ചേര്‍ന്നാണ് ബോംബാക്രമണം ആസൂത്രണം ചെയ്തത്. തന്റെ കൂട്ടാളിയായ ഡോ. മുസമ്മില്‍ ഷക്കീലിന്റെ അറസ്റ്റിന് ശേഷം ഫരീദാബാദ് ഭീകര മൊഡ്യൂളിന്റെ രഹസ്യം പുറത്തായെന്ന് ഉമര്‍ വിശ്വസിച്ചു. അറസ്റ്റ് ഒഴിവാക്കാന്‍ നിരാശനായി ഫിദായീന്‍ ശൈലിയിലുള്ള ആക്രമണത്തിന് മുതിരുകയായിരുന്നുവെന്നാണ് അന്വേഷണ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. കാറില്‍ നിന്ന് കണ്ടെടുത്ത കരിഞ്ഞ മൃതദേഹം ഉമറിന്റേതാണോ എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. പുല്‍വാമ സ്വദേശിയാണ്. മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ വടക്കേ ഇന്ത്യയിലുടനീളമുള്ള ഭീകര ഫണ്ടിംഗ്, ആയുധക്കടത്ത് കേസുകളില്‍ പിടികിട്ടാപ്പുള്ളിയായിരുന്നു.
ഉമര്‍, അദീല്‍, മുസമ്മില്‍ എന്നിവര്‍ ഡോക്ടര്‍മാരാണ്. അദീല്‍ അനന്ത്നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്നു, പിന്നീട് സഹാറന്‍പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറി. മുസമ്മില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് & റിസര്‍ച്ച് സെന്ററില്‍ സീനിയര്‍ റെസിഡന്റായി ജോലി ചെയ്യുകയായിരുന്നു. മുസമ്മിലിന്റെ സഹപ്രവര്‍ത്തകയായ ലഖ്നൗവില്‍ നിന്നുള്ള ഡോക്ടര്‍ ഷഹീന്‍ ഷാഹിദിനെയും അവരുടെ കാറില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘത്തില്‍ പെട്ട ഡോക്ടര്‍ ഉമര്‍ മുഹമ്മദാണ് ഫിദായീന്‍ ആക്രമണം നടത്തിയെന്ന് വിലയിരുത്തപ്പെടുന്നത്.