രാജ്യത്ത് ഈ വർഷംമുതൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഒറ്റദിവസം മാത്രമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യ പോളിയോ മുക്ത രാജ്യമായെന്ന ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്നാണ് നടപടി.
സാധാരണ വർഷത്തിൽ രണ്ടുതവണയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. ഇത്തവണ ഫെബ്രുവരി മൂന്നിന് മാത്രമെ വിതരണമുണ്ടാകുകയുള്ളുവെന്ന് പൊതുജനാരോഗ്യ ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി. 1995 മുതലാണ് വർഷത്തിൽ രണ്ടുതവണയായി രാജ്യത്ത് പോളിയോ വാക്സിനേഷൻ ക്യാമ്പ് നടത്തി തുടങ്ങിയത്. ലോകത്തെ മിക്ക രാജ്യങ്ങളിൽ നിന്നും പോളിയോ തുടച്ചുനീക്കപ്പെട്ടു. നൈജീരിയ, പാകിസ്ഥാൻ തുടങ്ങിയ ചുരുങ്ങിയ രാജ്യങ്ങളിൽ മാത്രമാണ് രോഗം ഇപ്പോൾ നിലനിൽക്കുന്നത്. 2012ലാണ് ഇന്ത്യയിൽ അവസാനമായി രോഗം കണ്ടെത്തിയത്. ഇത് ഗുജറാത്തിലായിരുന്നു.
മൂന്നുവർഷം കൂടി ഒറ്റത്തവണ വാക്സിനേഷൻ നൽകിയതിന് ശേഷം വാക്സിനേഷൻ ക്യാംപെയ്ൻ അവസാനിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.