മടയിറങ്ങാന്‍ പുലിക്കൂട്ടം; തൃശൂർ നഗരത്തില്‍ ഞായറാഴ്ച പുലിയിറങ്ങും

Jaihind Webdesk
Friday, September 9, 2022

തൃശൂരിന്‍റെ ചരിത്ര പ്രസിദ്ധമായ പുലിക്കളിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഞായറാഴ്ച സ്വരാജ് റൗണ്ടിനെ കീഴടക്കാൻ ഇരുന്നൂറ്റമ്പതിൽപരം പുലികളാണ് ഇക്കുറി എത്തുന്നത്. പുലിക്കളിക്ക് മുന്നോടിയായുള്ള ചമയപ്രദര്‍ശനത്തിന് തൃശൂരില്‍ തുടക്കമായി.

അഞ്ച് സംഘങ്ങളിൽ നിന്നായി 250 ൽ പരം പുലികളാണ് ഇക്കുറി സാംസ്കാരിക നഗരം കീഴടക്കാൻ എത്തുന്നത്. അരമണി കെട്ടി, വയറ് കുലുക്കി ചുവട് വെക്കുന്ന പുലിക്കളി ചരിത്ര പ്രസിന്ധമാണ്. പുലിക്കളിക്ക് മുന്നോടിയായുള്ള ചമയ പ്രദർശനത്തിന് തൃശൂർ ബാനർജി ക്ലബ്ബിൽ തുടക്കമായി. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ എന്നിവർ ചേർന്ന് ചമയ പ്രദർശനം ഉദ്ഘാടനം ചെയ്തു.

ലക്ഷങ്ങൾ ചിലവ് വരുന്നതാണ് പുലിക്കളിയാഘോഷം. ഒരോ പുലിക്കളി സംഘടത്തിനും രണ്ട് ലക്ഷം രൂപ വീതമാണ് തൃശൂർ കോർപ്പറേഷൻ നൽകിയിരിക്കുന്നത്. അടുത്ത വർഷം ടൂറിസം വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട് പുലിക്കളി സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നടപടി സ്വീകരിക്കുമെന്ന് കോർപ്പറേഷൻ മേയർ എം.കെ വർഗീസ് പറഞ്ഞു. പുലികളുടെ ദേഹത്ത് തേക്കാനുള്ള ചായം അരക്കാനുള്ള അവസാന ഘട്ടത്തിലാണ് ദേശക്കാർ. ഞായറാഴ്ച സ്വരാജ് റൗണ്ടിൽ അരങ്ങേറുന്ന പുലിക്കളിയോടെയാണ് തൃശൂരിന്‍റെ ഓണം മഹോത്സവത്തിന് സമാപനമാവുക.