പ്രബുദ്ധരായ ഒരു ജനതയാണിത്… പലതും സ്വന്തം നേട്ടമായി ചിത്രീകരിക്കുന്നതിന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മനസ്സിലാകും : മുഖ്യമന്ത്രിയ്ക്ക് ഹൈക്കോടതി അഭിഭാഷകന്‍റെ കത്ത്

Jaihind News Bureau
Tuesday, April 14, 2020

പ്രബുദ്ധരായ ഒരു ജനതയാണിത്… പലതും സ്വന്തം നേട്ടമായി ചിത്രീകരിക്കുന്നതിന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മനസ്സിലാകും… മുഖ്യമന്ത്രിയ്ക്ക് മുതിർന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടത്തിന്‍റെ കത്ത്. ഒരു ഭരണാധികാരിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട സാധാരണ പ്രവൃത്തി മഹത്വവക്കരിച്ച് പ്രചരിപ്പിക്കുമ്പോൾ, നിക്ഷ്പക്ഷമായി കാര്യങ്ങൾ കാണുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ബഹുഭൂരിപക്ഷം വരുന്ന ജന സമൂഹത്തിന്‍റെ മനസ്സിലെ പുച്ഛ ഭാവം തിരിച്ചറിയുന്നത് നല്ലതാണെന്ന് ചൂണ്ടിക്കാണിക്കുന്നതിനൊപ്പം ഇപ്പോൾ പുകഴ്ത്തപ്പെടുന്ന പ്രവൃത്തി കഴിഞ്ഞ കാലങ്ങളിലെ പ്രവൃത്തി രാഹിത്ത്യത്തിന്‍റെ സമ്മതമായും അംഗീകരിക്കാൻ തയ്യാറാകുമോ എന്നറിയാൻ താൽപര്യപ്പെടുന്നുവെന്നും അഡ്വ. ജോർജ്ജ് പൂന്തോട്ടം പറയുന്നു. പൊതുജനാരോഗ്യ മേഖലയിലെ കേരളത്തിന്‍റെ ലഭ്യമായ ഭൗതിക സാഹചര്യങ്ങൾ അത് ഒരുക്കുന്നതിനു കാലാകാലങ്ങളിൽ അധികാരത്തിലിരുന്ന ഭരണാധികാരികൾ നൽകിയ സംഭാവനകൾ അനുസ്മരിക്കാതിരിക്കുന്നത് ശരിയല്ലെന്നും എന്നാൽ ഈ വക രംഗങ്ങളിൽ യാതൊരുവിധ സംഭാവനകളും നൽകിയിട്ടില്ലാത്ത ആളുകൾ ചിലതെല്ലാം ചെയ്യുമ്പോൾ അത് വലുതായി തോന്നുന്നതും സ്വാഭാവികമാണെന്നും അദ്ദേഹം വിമർശിക്കുന്നു.

വിദേശത്ത് നിന്ന് വന്ന സ്വദേശികളെയും വിദേശികളെയും കേന്ദ്ര ഗവണ്മെന്റ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, എന്തിനേറെ ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ വരെ അജ്ഞത മൂലമോ, അലംഭാവം മൂലമോ നടപ്പാക്കാതിരുന്നതാണ് കേരളത്തിൽ ഇത്രയും കോവിഡ് രോഗികളെ സമ്മാനിച്ചത് എന്ന വസ്തുത സൗകര്യപൂർവം മറയ്ക്കുന്നതും, മറക്കുന്നതും ശരിയല്ല എന്ന് തോന്നുക ചിന്താശക്തി നഷ്ടപെടാത്ത ഏതൊരു മലയാളിക്കും ഉണ്ടാവുക സ്വാഭാവികം മാത്രമാണെന്ന് കത്തില്‍ ഓർമ്മപ്പെടുത്തുന്നു.

കത്തിന്‍റെ പൂർണരൂപം വായിക്കാം….

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്‌,

COVID 19 പ്രതിരോധത്തിൽ കേരളത്തിന് ഉണ്ടായ നേട്ടം ഒരു ഭരണകൂടത്തിൻറെ നേട്ടമായി ചിത്രീകരിക്കുന്നതിന്‍റെ രാഷ്ട്രീയമായ ഉദ്ദേശ ലക്ഷ്യങ്ങൾ ആർക്കും മനസ്സിലാകുന്നതാണ്. പൊതുജനാരോഗ്യ രംഗത്തെ തിരുവിതാംകൂറിൻറെയും, കൊച്ചിയുടെയും, മലബാറിന്‍റെയും രാജഭരണ കാലത്തും തുടർന്നും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ വിഭിന്നമായി തുടക്കമിട്ടവരെ വിസ്മരിക്കുന്നത് ശരിയല്ല. സർ CP യെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹം തുടക്കമിട്ട ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഐക്യ കേരളത്തിനു പിന്നീട് നൽകിയ സംഭാവനകൾ ചെറുതല്ല. ഇതെല്ലാം ഏതൊരു ഭരണാധികാരിയും ചെയ്യേണ്ട കടമയാണ്, കർത്തവ്യമാണ്. പൊതുജനാരോഗ്യ മേഖലയിലെ കേരളത്തിന്റെ ലഭ്യമായ ഭൗതിക സാഹചര്യങ്ങൾ അത് ഒരുക്കുന്നതിനു കാലാകാലങ്ങളിൽ അധികാരത്തിലിരുന്ന ഭരണാധികാരികൾ നൽകിയ സംഭാവനകൾ അനുസ്മരിക്കാതിരിക്കുന്നതും ശരിയല്ല. എന്നാൽ ഈ വക രംഗങ്ങളിൽ യാതൊരുവിധ സംഭാവനകളും നൽകിയിട്ടില്ലാത്ത ആളുകൾ ചിലതെല്ലാം ചെയ്യുമ്പോൾ അത് വലുതായി തോന്നുന്നതും സ്വാഭാവികം.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്നതും വിശാലവുമായ ആരോഗ്യ സംവിധാനം, സാക്ഷരത, എന്നിവ കേരളത്തിന്‍റെ മുതൽ കൂട്ടാണ്. 1957 ന് ശേഷം 2015 വരെ അധികാരത്തിൽ ഇരുന്ന മാറി മാറി വന്ന ഗവൺമെന്റുകളിൽ കമ്മ്യൂണിസ്റ്റ് കൂട്ടു മന്ത്രിസഭ ഭരണ സംവിധാനം നില നിന്നിരുന്നത് ഏതാണ്ട് 25 വർഷം മാത്രമാണ്. ബാക്കി കാലഘട്ടം കേരളം ഭരിച്ച കോൺഗ്രസ് മുന്നണി സംവിധാനം തുടങ്ങിവച്ചതാണ് സംസ്ഥാനത്തെ 9 സർക്കാർ മെഡിക്കൽ കോളേജുകൾ. അതിനു പുറമേ തുടങ്ങിയ സ്വകാര്യ മെഡിക്കൽ കോളേജുകൾ. ഇവ ഒന്നിന്റെയും പിതൃത്വം ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കും അവകാശപ്പെടാൻ ആകില്ല. വിദ്യാഭ്യാസ മേഖലയിലെ മിഷനറി പ്രവർത്തകരുടേയും സാമുദായിക സംഘടനകളുടെയും സംഭാവനകൾ ഈ കൊച്ചു കേരളത്തെ സാക്ഷര കേരളമായി മാറ്റി. അതിന്റെ ഫലമായി നിങ്ങൾക്ക് ഒരുക്കി നൽകിയ അടിത്തറയിൽ നിന്നാണ് കോവിഡ് പ്രതിരോധത്തിനുള്ള ആയുധപ്പുര നിർമ്മിക്കുന്നത്. അപ്രകാരമുള്ള ഭൗതിക സൗകര്യങ്ങൾ ഉപയോഗിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ആർക്കും പരാജയപ്പെടാൻ ആവില്ല. വിദേശത്ത് നിന്ന് വന്ന സ്വദേശികളെയും വിദേശികളെയും കേന്ദ്ര ഗവണ്മെന്റ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, എന്തിനേറെ ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ വരെ അജ്ഞത മൂലമോ, അലംഭാവം മൂലമോ നടപ്പാക്കാതിരുന്നതാണ് കേരളത്തിൽ ഇത്രയും കോവിഡ് രോഗികളെ സമ്മാനിച്ചത് എന്ന വസ്തുത സൗകര്യപൂർവം മറയ്ക്കുന്നതും, മറക്കുന്നതും ശരിയല്ല എന്ന് തോന്നുക ചിന്താശക്തി നഷ്ടപെടാത്ത ഏതൊരു മലയാളിക്കും ഉണ്ടാവുക സ്വാഭാവികം മാത്രം.

ജനിച്ച കുഞ്ഞിന് മുലയൂട്ടുന്നത് ഒരു അമ്മയുടെ സ്വാഭാവിക ധർമ്മമാണ്. അതിന് വാർത്താ പ്രാധാന്യം നൽകുന്നത് അധർമ്മമാണ്. കൂട്ടികളെ നേർവഴിക്ക് നടത്തുന്നത് ഏതൊരു മാതാപിതാക്കളുടെയും ഉത്തരവാദിത്ത്വമാണ്, കടമയാണ്. ഒരു വാഹനം ഓടിക്കുന്ന ഡ്രൈവർ സുരക്ഷിതമായി തന്റെ ജോലി നിർവഹിച്ച് തന്റെ വാഹനത്തിലെ യാത്രക്കാരനെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നത് അവന്റെ ജോലിയുടെ ഭാഗമാണ്. പാടത്ത് പണിയെടുക്കുന്ന ജോലിക്കാരൻ അവനിൽ അർപ്പിതമായ ജോലി ചെയ്യുന്നു എന്നത് ആ ജോലിക്കാരന്‍റെ ഉത്തരവാദിത്വമാണ്. നിയമപാലകർ അവരിൽ അർപ്പിതമായ ജോലി ഉത്തരവാദിത്വ ബോധത്തോടെ നിർവഹിക്കുന്നത് അവരുടെ കർത്തവ്യത്തിന്റെ ഭാഗമാണ്. നഗര പ്രദേശങ്ങൾ അടിച്ച് വൃത്തിയാക്കുന്ന ജോലിയിൽ വ്യാപൃതരായ ജോലിക്കാർ അവരുടെ ജോലി നിർവഹിക്കുന്നത് പ്രത്യേകമായി പ്രകീർത്തിക്കപ്പെടെണ്ട ഒന്നല്ല. ഒരു ഭരണാധികാരി അവന്റെ ചുമതല നിർവഹിക്കുമ്പോൾ അതിനെ മഹത്വവൽക്കരിക്കേണ്ടതില്ല. അത് അവന്റെ ചുമതല ആണ്.

ഞാൻ മുകളിൽ പറഞ്ഞ ഏതാനും ഉദാഹരങ്ങൾ സ്വാഭാവിക ജീവിതത്തിന്‍റെ ഭാഗം മാത്രമാണ്. എന്നാൽ നാളുകളായി അവയുടെ അഭാവം പ്രകടമായ ഒന്ന് ആകുമ്പോഴാണ്, നാമമായ പ്രവൃത്തി ചെയ്യുമ്പോൾ പോലും അവ മഹത്തരമായി തോന്നുന്നതും, പ്രചരിപ്പിക്കുന്നതും. തന്നിൽ അർപ്പിതമായ കടമ, ചുമതല, ഉത്തരവാദിത്ത്വം, ധർമ്മം എന്നിവ പ്രകീർത്തനമായി ആഘോഷിക്കുമ്പോൾ ആ പ്രവൃത്തിയുടെ ഉദ്ധേശശുദ്ധി സംശയിക്കപ്പെടുക സ്വാഭാവികമാണ്. പ്രഭുദ്ധരായ ഒരു ജനത ഇപ്രകാരമുള്ള ഏതു പ്രവൃത്തിയും അതിലെ നന്മയും തിന്മയും സസൂക്ഷ്മം നിരീക്ഷിക്കുകയും വിശകലനം ചെയുന്നവരുമാണ്. അങ്ങനെ ചെയ്യുന്ന ഒരു ജനത ഒരു ഭരണാധികാരിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട സാധാരണ പ്രവൃത്തി മഹത്വവക്കരിച്ച് പ്രചരിപ്പിക്കുമ്പോൾ, നിക്ഷ്പക്ഷമായി കാര്യങ്ങൾ കാണുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ബഹുഭൂരിപക്ഷം വരുന്ന ജന സമൂഹത്തിന്‍റെ മനസ്സിലെ പുച്ഛ ഭാവം തിരിച്ചറിയുന്നത് നന്ന്. ഇപ്പോൾ പുകഴ്ത്തപ്പെടുന്ന പ്രവൃത്തി കഴിഞ്ഞ കാലങ്ങളിലെ പ്രവൃത്തി രാഹിത്ത്യത്തിന്‍റെ സമ്മതമായും അംഗീകരിക്കാൻ തയ്യാറാകുമോ എന്നറിയാൻ താൽപര്യപ്പെടുന്നു.

എന്ന് വിധേയൻ

ജോർജ്ജ് പൂന്തോട്ടം
സീനിയർ അഡ്വക്കേറ്റ്

teevandi enkile ennodu para