തിരുവനന്തപുരം : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ ജനവികാരം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
വയനാടും പാലക്കാടും ചേലക്കരയും യുഡിഎഫ് അഭിമാനകരമായ വോട്ട് നേടി. പാലക്കാട് യുഡിഎഫിന്റെ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം നേടാനായതും ചേലക്കരയില്‍ എല്‍ഡിഎഫിന്റെ മുന്‍ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചതും സംസ്ഥാനത്ത് പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നേരിട്ടിറങ്ങി ചേലക്കരയില്‍ പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ തവണത്തെ അവരുടെ ഭൂരിപക്ഷം നേടാനായില്ല.കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപിയെ കൂട്ടുപിടിച്ച സിപിഎമ്മിനും മുഖ്യമന്ത്രിക്കും കിട്ടിയ കനത്ത പ്രഹരമാണ് ജനവിധി. ജനം യുഡിഎഫിനൊപ്പമാണെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. പാലക്കാട് എല്‍ഡിഎഫ് ഇത്തവണയും മൂന്നാം സ്ഥാനത്ത് തന്നെയാണ്. കോണ്‍ഗ്രസില്‍ നിന്ന് ഒരാളെ അടര്‍ത്തിയെടുത്ത് പാലക്കാട് പിടിക്കാമെന്ന സിപിഎമ്മിന്റെ ദിവാ സ്വപ്നമാണ് തകര്‍ന്നടിഞ്ഞത്. വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും നടത്തിയ നെറികേടിനെതിരായ ജനവിധിയാണ് പാലക്കാട്ടേതെന്നും യുഡിഎഫിന് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ മതേതര വിശ്വാസികള്‍ക്കും നന്ദിയെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.