മാഹി -കണ്ണൂർ ബൈപ്പാസ് നിർമ്മാണത്തിനായി മുഴപ്പിലങ്ങാട് കൂടുതൽ ഭൂമി ഏറ്റെടുക്കാൻ ദേശീയ പാത അധികൃതർ ശ്രമിക്കുന്നതായി ആക്ഷേപം. മുഴപ്പിലങ്ങാട് ഭാഗത്ത് സർവ്വീസ് റോഡിന് കൂടുതൽ ഭൂമി ആവശ്യം ഉണ്ടെന്ന് പറഞ്ഞാണ് കുടുതൽ ഭൂമി ഏറ്റെടുക്കാൻ നീക്കം നടത്തുന്നത്. ഭൂമി ഏറ്റെടുക്കലിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാകുന്നു.
ദേശീയ പാത ബൈപ്പാസ് റോഡിന്‍റെ നിർമ്മാണം പുരോഗമിക്കുന്ന മുഴപ്പിലങ്ങാട് മേഖലയിലാണ് ബൈപ്പാസ് നിർമ്മാണത്തിനായി കൂടുതൽ ഭൂമി ഏറ്റെടുക്കാൻ നീക്കം നടക്കുന്നുവെന്ന ആക്ഷേപം ഉയർന്നിരിക്കുന്നത്.നിലവിൽ 45 മീറ്റർ വീതിയിൽ ഇവിടെ റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്. ബൈപ്പാസ് നിർമ്മാണത്തിനായി വർഷങ്ങൾക്ക് മുൻപ് വീടും സ്ഥലവും വിട്ട് നൽകിയ കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇരുവശങ്ങളിലും 8 മീറ്റർ വീതിയുള്ള സർവീസ് റോഡ് നിർമ്മിക്കാനായി കൂടുതൽ ഭൂമി ഏറ്റെടുക്കാനാണ് നീക്കമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നിർമ്മാണ പ്രവർത്തനത്തിലെ ഗുരുതരമായ വീഴ്ച കാരണം പ്രദേശത്തെ നിരവധി കുടുംബങ്ങൾ വീണ്ടും കുടിയിറക്ക് ഭീഷണി നേരിടുകയാണെന്ന് നാട്ടുകാർ പറയുന്നു.
കൂടുതൽ ഭൂമി ഏറ്റെടുക്കാൻ സർവ്വെ ആരംഭിച്ചത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി. ഇനി കൂടുതൽ സ്ഥലം വിട്ടു നൽകില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.
നാട്ടുകാരുടെ പരാതി കെ തുടർന്ന് കെ.സുധാകരൻ എംപി പ്രദേശം സന്ദർശിച്ചു. പ്രദേശവാസികൾ അവരുടെ പരാതി എംപിയെ ധരിപ്പിച്ചു. പ്രദേശവാസികളുടെ പരാതി പരിശോധിക്കുമെന്ന് കെ.സുധാകരൻ എംപി പറഞ്ഞു.
പ്രദേശവാസികളുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
https://www.youtube.com/watch?v=Uba07PZdBGM